20.09.2020
ഡെൽഹി:വിവാദമായ കാർഷിക പരിഷ്കരണ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് ബില്ലുകൾ അവതരിപ്പിച്ചത്. കാർഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാർ കൃഷി അനുവദിക്കുന്ന ബില്ലുമാണ് അവതരിപ്പിച്ചത്. കാർഷിക ബില്ലുകൾ കർഷകരുടെ മരണവാറണ്ടാണെന്ന് ബില്ലിനെ എതിർത്തുകൊണ്ട് പ്രതിപക്ഷം ആരോപിച്ചു.
രണ്ടു ബില്ലുകൾക്കും പ്രതിപക്ഷം നിരാകരണ പ്രമേയം നൽകിയിരുന്നു. കെ. കെ. രാഗേഷ്, എളമരം കരീം, എം.വി. ശ്രേയാംസ് കുമാർ, കെ. സി. വേണുഗോപാൽ തുടങ്ങിയവർ ബില്ലിനെ എതിർത്തു. ബില്ലിൻമേൽ ചർച്ച നടക്കുകയാണ്. ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് നാല് അംഗങ്ങൾ നോട്ടീസ് നൽകിയിരുന്നു.
ബില്ലുകൾ പാസ്സാകുമെന്ന വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ. സഭയിൽ 243 പേരാണ് ഉള്ളത്. ഇതിൽ 10 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 15 പേർ അവധിയിലാണ്. 105 പേരുടെ പിന്തുണയാണ് ബില്ല് പാസ്സാവാൻ ആവശ്യമുള്ളത്. ഇത് ലഭിക്കുമെന്നാണ് സർക്കാർ കരുതുന്നത്. നൂറു പേരുടെ പിന്തുണ പ്രതിപക്ഷവും അവകാശപ്പെടുന്നുണ്ട്.
കോൺഗ്രസ്, ബിജെപി ഇതര പ്രാദേശിക കക്ഷികളായ ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ്, ടിഡിപി, എഐഎഡിഎംകെ തുടങ്ങിയവരുടെ പിന്തുണ നിർണായകമാകും. മറ്റു ബില്ലുകളുടെ കാര്യത്തിൽ ടിആർഎസിന്റെ പിന്തുണ സർക്കാരിന് ലഭിച്ചെങ്കിലും കാർഷിക ബില്ലുകളുടെ കാര്യത്തിൽ ലഭിക്കുമോ എന്ന് വ്യക്തമല്ല. പ്രാദേശിക കക്ഷികൾ സർക്കാരിനൊപ്പം നിൽക്കുമെന്നാണ് കരുതപ്പെടുന്നത്.
അവശ്യവസ്തു ഭേദഗതി ബില്ലും ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്നുണ്ട്.

إرسال تعليق