മാട്ടറ :പരിധികളില്ലാത്ത സ്നേഹവുമായി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റിന്റെ അഞ്ചാമത് സ്നേഹയാത്ര പരിയാരം മേരിഭവനിലേക്ക് നടത്തി. അകാലത്തിൽ വേർപിരിഞ്ഞ മുൻ യൂണിറ്റ് സെക്രട്ടറി ജോബീഷിന്റെ സ്മരണക്കായി കഴിഞ്ഞ മാർച്ച് ഒന്നിനാണ് dyfi മാട്ടറ യൂണിറ്റ് സ്നേഹയാത്രകൾ ആരംഭിച്ചത്. ആലച്ചേരി സ്നേഹഭവന് ഒരു മാസത്തേക്ക് ആവശ്യമായ മൂന്ന് ലക്ഷത്തോളം രൂപയുടെ ഭക്ഷ്യ വസ്തുക്കളുമായിട്ടാണ് ഒന്നാമത്തെ സ്നേഹയാത്ര നടന്നത്. തുടർന്ന് പരിയാരം മേരിഭവൻ, തെറ്റുവഴി കൃപാഭവൻ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്നേഹയാത്രകൾ സംഘടിപ്പിച്ചു. പിന്നീട് ആലച്ചേരി സ്നേഹഭവനിലേക്ക് രണ്ടാമതും സ്നേഹയാത്ര സംഘടിപ്പിച്ചു. അങ്ങനെ അഞ്ചാമത്തെ സ്നേഹയാത്രയുടെ ഭാഗമായാണ് ഇന്ന് വീണ്ടും പരിയാരം മേരിഭവനിലേക്ക് രണ്ടാമത്തെ തവണത്തെ സ്നേഹയാത്രയും സംഘടിപ്പിച്ചത്. ഒന്നരമാസത്തെക്ക് ആവശ്യമുള്ള അരി, മറ്റു പലവ്യഞ്‌ജനങ്ങൾ, മാങ്ങാ, ചക്ക, പപ്പായ, കൈതച്ചക്ക, പച്ചക്കറികൾ അടക്കം ആണ് അഞ്ചാമത് സ്നേഹയാത്രയിൽ ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ് മേരിഭവനിൽ എത്തിച്ചത്. പരിയാരം മേരിഭവനെ dyfi മാട്ടറ യൂണിറ്റ് ഏറ്റെടുത്തതായി ചടങ്ങിൽ സ്നേഹയാത്ര കോർഡിനേറ്റർ സരുൺ തോമസ് അറിയിച്ചു. തുടർന്നുള്ള മാസങ്ങളിൽ സ്നേഹയാത്രകൾ നടത്തി മേരിഭവന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി നൽകുമെന്നും മറ്റ് അഗതിമന്ദിരങ്ങളിലേക്കും സ്നേഹയാത്രകൾ തുടരുമെന്നും യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. പരിയാരം മേരിഭവനിലേക്ക് നടന്ന സ്നേഹയാത്ര മാട്ടറയിൽ dyfi മാട്ടറ യൂണിറ്റ് സെക്രട്ടറി ലിജോ പ്ലാത്താനത്തിന്റെ അധ്യക്ഷതയിൽ dyfi ഉളിക്കൽ മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തുടർന്ന് നാല് വാഹനങ്ങൾ നിറയെ എത്തിച്ച ഭക്ഷ്യവസ്തുക്കൾ പരിയാരം മേരിഭവനിൽ നടന്ന ചടങ്ങിൽ dyfi ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപിന്റെ അധ്യക്ഷതയിൽ ടി വി രാജേഷ് എം എൽ എ മദർ സുപ്പീരിയറിന് കൈമാറി. മദർ തെരേസ പള്ളി വികാരി അനീഷ്, dyfi ചെറുതാഴം ഈസ്റ്റ് മേഖല സെക്രട്ടറി പ്രവീൺ പി കെ, ഉളിക്കൽ മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ, പ്രസിഡന്റ് പ്രണവ് തുടങ്ങിയവർ സംസാരിച്ചു. സ്നേഹയാത്ര കോർഡിനേറ്റർ സരുൺ തോമസ് സ്വാഗതവും മദർ സുപ്പീരിയർ സിസ്റ്റർ നിഷ റോസ് നന്ദിയും പറഞ്ഞു.

إرسال تعليق