കണ്ണൂർ ജില്ലയിലെ പടിയൂരിൽ നിർമ്മിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവൃത്തിക്കുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. ഈ ആഴ്ച്ച തന്നെ നടപടികൾ പൂർത്തിയാകും. ആയുഷ് വകുപ്പിന് വേണ്ടി 59.93 കോടി രൂപയുടെപ്രവൃത്തിക്കുള്ള ഇ-ടെണ്ടർ കിറ്റ്‌കോയാണ് ക്ഷണിച്ചത്. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും. 8 മാസം കൊണ്ട് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഫിബ്രവരിയിലാണ് ഗവേഷണ കേന്ദത്തിന് തറക്കല്ലിട്ടത്. ഈ വർഷം ഫിബ്രവരിയിൽ ടെണ്ടർ പൂർത്തിയാക്കി പണി ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും കോവിഡ് വ്യാപനം മൂലം നടപടികൾ വൈകി.
പടിയൂരിലെ കല്യാട് 311 ഏക്കറിലാണ് ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. റവന്യുവകുപ്പ് ഏറ്റെടുത്ത് ആയുഷ് വകുപ്പിന് കൈമാറിയ 36 ഏക്കറിലാണ് ആദ്യഘട്ട നിർമാണപ്രവൃത്തി നടക്കുക. 100 കിടക്കകളുള്ള ആശുപത്രി, ആയുർവേദ ഔഷധ നേഴ്സ്സറി, ജൈവമതിൽ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുക. അടുത്ത ഘട്ടത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയിൽ ഭൂരിഭാഗവും സർക്കാരിന്റെ കൈവശമുള്ളതാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയും സർക്കാരിന്റെ തന്നെ മറ്റു വകുപ്പുകളുടെ കയ്യിലുള്ള ഭൂമിയും ഏറ്റെടുത്ത് കൈമാറുന്നതിന് സ്‌പെഷ്യൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ 12 അംഗ ടീമിനെ നേരത്തെ നിയമിച്ചിരുന്നു. ഏറ്റെടുത്ത ഭൂമി സർവേ നടപടികൾ പൂർത്തിയാക്കി പ്ലാൻ സഹിതം ജില്ലാ സർവ്വേ സൂപ്രണ്ടിന് കൈമാറി. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ആയുഷ് വകുപ്പിന് കൈമാറുകയാണ് ലക്ഷ്യം. ഈ പ്രവൃത്തി ഒന്നാം ഘട്ട നിർമാണത്തിനൊപ്പം പൂർത്തിയാകും.
إرسال تعليق