ഇരിട്ടി: കര്‍ഷക അവകാശങ്ങള്‍ നേടിയെടുക്കും വരെ പോരാട്ടം തുടരുമെന്ന് ഫാ.ജോസഫ് കാവനാടിയില്‍.കോവിഡ് 19 പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കര്‍ഷക ജനതയൊഴിച്ച് ബാക്കിയെല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കേന്ദ്ര സംസ്ഥാനഗവണ്‍മെന്റുകളുടെ വിവിധതലത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ കര്‍ഷകര്‍ മാത്രം അവഗണിക്കപ്പെടുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഫാ.ജോസഫ് കാവനാടിയില്‍ പറഞ്ഞു.ഇന്‍ഫാമും രാഷ്ട്രീയ കിസാന്‍ മഹാസംഘും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിട്ടിയിലുള്ള ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിനു മുമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ ആദിവാസി യുവാവിനെ കടുവ കൊലപ്പെടുത്തിയപ്പോള്‍ നിസംഗരായി നില്‍ക്കുകയാണ് ഫോറസ്റ്റ് അധികാരികള്‍ ചെയ്തത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഗവണ്‍മെന്റുകള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ തയ്യാറാവുന്നില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് അടിയന്തിരമായി 10000 രൂപവീതം എല്ലാ കര്‍ഷകര്‍ക്കും കൊടുക്കുന്നതിനും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളുന്നതിനും ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചും വന്യമൃഗ ശല്യത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക് കാര്‍ഷിക മേഖലയിലൂടെ യാത്രനടത്തി ദുരിതബാധിതരായ കര്‍ഷകരുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് നിയമപരമായ പരിഹാരം തേടുന്നതിനും സംയുക്തപ്രക്ഷോഭസമിതി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അധ്യഷത വഹിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ജെയിംസ് പന്ന്യാംമാക്കല്‍, ജോസഫ് വടക്കേക്കര, ഹംസ പുല്ലാട്ടില്‍, ടോമി സെബാസ്റ്റ്യന്‍, അന്‍വര്‍ കരുവഞ്ചാല്‍, അമല്‍ കുര്യന്‍, മാത്യു മുണ്ടിയാനിയില്‍, ജോയി മലമേല്‍, ജെയിസണ്‍ പാലക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു

إرسال تعليق