ഇരിട്ടി : മലയോര മേഖലയുടെ ആസ്ഥാനമായ ഇരിട്ടി നഗരം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. ഇതിനെതിരേ എം എൽ എ തന്നെ രംഗത്തു വന്നു. എന്നാൽ എം എൽ എ യുടെ പ്രസ്താവന രാഷ്ട്രീയ തട്ടിപ്പാണെന്നാരോപിച്ച് സി പി എമ്മും രംഗത്ത് വന്നു. എന്നാൽ ഇതിൽ എന്തെങ്കിലും വ്യക്തത വരുത്തുവാൻ ആരോഗ്യ വകുപ്പിനും സാധിക്കുന്നില്ല. കോവിഡ് രോഗം കണ്ടെത്തുമ്പോൾ വാർഡ് തലത്തിൽ തിരിച്ച് കണ്ടെയ്‌ൻമെൻറ് സോണുകൾ നിർണ്ണയിക്കുന്നത് തീർത്തും അശാസ്ത്രീയമാണെന്നാണ് സണ്ണി ജോസഫ് എം എൽ എ പറഞ്ഞത് . പരിശോധനാ ഫലം വന്നു കഴിഞ്ഞാൽ അത് വന്നുകഴിഞ്ഞ മുറക്ക് തന്നെ ഒരു പ്രദേശംകണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിക്കണം എന്നുണ്ടെങ്കിൽ പ്രഖ്യാപിക്കണം. എന്നാൽ മാത്രമേ രോഗ വ്യാപനം തടയാൻ കഴിയുകയുള്ളൂ. ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കാനും മറ്റു മുൻകരുതൽ നടപടികളും എടുക്കാൻ അതുമൂലം സാധിക്കും. ഫലം വന്ന് ദിവസങ്ങൾക്കു ശേഷമാണ് ഒൻപതാം വാർഡിനെ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിക്കുന്നത് . അതേസമയം ഇരിട്ടിയുടെ വ്യാപാരകേന്ദ്രങ്ങൾ മുഴുവൻ പ്രവർത്തിക്കുന്ന ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് ഒൻപതാം വാർഡ്. ഈ വാർഡിന്റെ ഒരറ്റമായ പയഞ്ചേരി മുക്കിലാണ് കൊറോണാ ബാധയുണ്ടായ രോഗിയുടെ വാസസ്ഥലം. അതിന് തൊട്ട പ്രദേശം കണ്ടെയ്‌ൻമെൻറ് സോണല്ല. ഇരിട്ടി പട്ടണം എന്നത് ഒരു വാർഡിന്റെ മാത്രം ആശ്രയ കേന്ദ്രമല്ലെന്നും അത് മലയോര മേഖലയുടെ മുഴുവൻ ആശ്രയകേന്ദ്രമാണെന്നും പാവപ്പെട്ട വ്യാപാരികളും കർഷകരും ഇതുമൂലം ദുരിതം പേറുകയാണെന്നും എം എൽ എ പറഞ്ഞു. അതുകൊണ്ടുതന്നെ ഈ കണ്ടെയ്‌ൻമെൻറ് സോണുകൾ നിശ്ചയിക്കുന്നതിൽ ഗവർമ്മെന്റ് തലത്തിൽ തന്നെ ഒരു പുനർ വിചിന്തനം വേണമെന്നും എം എൽ എ പറഞ്ഞു.
എന്നാൽ ഇരിട്ടി മുസിപ്പാലിറ്റിയിലെ ഇരിട്ടിടൗൺ വാർഡിനെ ഹോട്ട് പോട്ട് ആയി പ്രഖ്യാപിച്ചതിനെതിരെ പേരാവൂർ എം എൽ എ യും യും കോൺഗ്രസ്സ് നേതാക്കളും നടത്തുന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സി പി എം ഇരിട്ടി ഏരിയാ സിക്രട്ടറി ബിനോയ് കുര്യൻ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു . ടൗൺ വാർഡിൽ വിദേശത്ത് നിന്ന് വന്ന കൂടുംബത്തിലെ ഒരംഗത്തിന് കോവിഡ് 19 പോസീറ്റീവായ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചത്. ഐ സി എം ആർ മാനദണ്ഡപ്രകാരമാണ് ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ രോഗം റിപ്പോർട്ട് ചെയ്യുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി പൂർണ്ണമായിട്ടായിരുന്നു ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുന്നതെങ്കിൽ പിന്നീടത് വാർഡ് പ്രദേശം എന്ന നിലയിലേക്ക് മാറ്റി. ഇരിട്ടി ടൗൺ ഉൾപ്പെടുന്ന വാർഡിലാണ് രോഗം റിപ്പോർട്ട് ചെയ്തത് എന്നുള്ളത് കൊണ്ടാണ് ടൗൺ അടച്ചിടേണ്ടി വന്നത്. ഇത് മൂലം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടായിട്ടുള്ളത് വസ്തുതയാണ്. മുൻസിപ്പാലിറ്റിക്കോ ,ജില്ലാ കലക്ടർകോ ഹോട്ട് സ്പോട്ട് ഒഴിവാക്കാൻ കഴിയില്ല. രോഗിയുമായ് പ്രൈമറി, സെക്കൻ്ററി കോണ്ടാക്ട് ഉള്ളവർ മറ്റ് പ്രദേശങ്ങളിൽ ഉണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിന് കൂടുതൽ പ്രദേശങ്ങൾ ഉൾപെടുത്തി കൺറ്റയിൻമെൻ്റ് സോണാക്കി പ്രഖ്യാപിക്കാം . എന്നാൽ രോഗിക്ക് മറ്റുള്ളവരുമായി സമ്പർക്കം ഇല്ല എന്ന് ഉറപ്പാക്കിയാണ് വാർഡിൽ മാത്രമായി മാനദണ്ഡപ്രകാരം ഹോട്ട് സ്പോട്ട് പ്രഖ്യാപിക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ പോസിറ്റീവ് കേസ് സംബന്ധിച്ച് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് നടത്തിയ പ്രസ്താവനയും ദുരുദ്ദേശപരമാണ്. രോഗം നിർണയിക്കുന്നതും അതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുതുന്നതും ആരോഗ്യ വിദഗ്ദരുടെ സംഘമാണ്. അതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സംവിധാനം ഉണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കാനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുമുള്ള പരസ്യമായ ആഹ്വാനമാണ് പേരാവൂർ എം എൽ എ സണ്ണി ജോസഫും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് വർഗ്ഗീസ്സും നടത്തുന്നത്. ഇത് മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ വച്ചുള്ള കളിയാണ്. കോൺഗ്രസ്സ് നേതാക്കളുടെ ശാസ്ത്രീയ രീതികൾ വാളയാറിലും നിയമസഭയിലും ജനങ്ങൾ കണ്ടതാണ്. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങളെ തിരിച്ചറിയറിയണമെന്നും തെറ്റിദ്ധാരണ പരത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ നീക്കം നടത്തുന്നവർക്കെതിരെ കേസ് എടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും സി.പി.എം ഇരിട്ടി ഏറിയാ സെക്രട്ടറി ബിനോയ് കുര്യൻ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ ഇരുകൂട്ടരും തമ്മിൽ തല്ലി വാക്‌പോര് നടത്തേണ്ട സമയമല്ല ഇതെന്നും ഇതിനിടയിൽ നഷ്ടവും ദുരിതവും പേറുന്ന പാവപ്പെട്ട വ്യാപാരികളുടെയും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ എന്ത് ചെയ്യണമെന്നുഴലുന്ന കർഷകരുടെയും ദുരിതമാകറ്റുവാൻ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുകൊണ്ടുതന്നെ ഇരിട്ടി പട്ടണത്തിലെ വ്യാപാരികൾക്ക് വ്യാപാരം നടത്തുവാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

إرسال تعليق