വെള്ളക്കെട്ട് പരിഹരിക്കൽ - പയഞ്ചേരി മുക്കിൽ റോഡ് ഉയർത്തൽ പ്രവർത്തി ആരംഭിച്ചു


ഇരിട്ടി : ഒറ്റമഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്ന ഇരിട്ടി - പേരാവൂർ റോഡിലെ പയഞ്ചേരിമുക്കിൽ റോഡ് ഉയർത്തൽ പ്രവർത്തികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചിലവിൽ ആണ് നവീകരണ പ്രവർത്തി നടക്കുന്നത്. 
 കാലവർഷം ആരംഭിക്കുന്നതോടെ പയഞ്ചേരി മുക്ക് മുതൽ അഞ്ഞൂറുമീറ്ററോളം വരുന്ന ഭാഗത്തെ  പേരാവൂർ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെടുന്നതും നിത്യ സംഭവമായി. 
കഴിഞ്ഞ കാലവർഷത്തിൽ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന വെള്ളക്കെട്ടിൽ റോഡരികിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി ഫയലുകളും കംപ്യൂട്ടർ അടക്കമായുള്ള നിരവധി ഉപകരണങ്ങളും ഫർണ്ണിച്ചറുകളും  മറ്റും നശിച്ചിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും  പ്രദേശത്തെ വീടുകളും വെള്ളത്തിലായിരുന്നു. ഇതിനെത്തുടർന്ന് ബ്ലോക്ക് ഓഫീസ് അധികൃതർകൂടി താത്പര്യമെടുത്ത് നടത്തിയ പരിശ്രമത്തിനൊടുവിൽ പൊതുമരാമത്ത് വകുപ്പ് പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു. 
പയഞ്ചേരിമുക്ക് മുതൽ അഞ്ഞൂറ് മീറ്റർ നീളത്തിൽ ആണ് റോഡ് ഉയർത്തി പണിയുന്നത് . വെള്ളം ഒഴുകിപ്പോകാൻ പാകത്തിൽ കലുങ്കും ആഴത്തിലുള്ള ഓവുചാലുകളും നിർമ്മിക്കും. ഇതിനായി റോഡിനോട് ചേർന്ന് കണ്ടെത്തിയ കയ്യേറ്റങ്ങളും ഉപയോഗിക്കും. മഴ കനക്കും മുൻപേ റോഡ് ഉയർത്തൽ പ്രവർത്തി പൂർത്തിയാകുമെങ്കിലും ടാറിങ് നടത്തുന്നത് പ്രയാസമായിരിക്കുമെന്നാണ് കരുതുന്നതെന്ന്  കരാറുകാർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement