സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 26,712 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 26,350 പേർ വീടുകളിലും 362 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3815 സാമ്പിളുകൾ ശേഖരിച്ചതിൽ 3525 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. നിലവിൽ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement