പരീക്ഷാനടത്തിപ്പിന്‌ കര്‍ശന സുരക്ഷ , യാത്രാസൗകര്യമുണ്ടാകും ; സര്‍വകലാശാല പരീക്ഷ ജൂണ്‍ ആദ്യവാരം





തിരുവനന്തപുരം:എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതാനുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കൂളിലേക്ക് വരാനും തിരിച്ചുപോകാനുമുള്ള ഗതാഗതസൗകര്യം അധികൃതര്‍ ഉറപ്പാക്കും. ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിക്കും. പരീക്ഷയെഴുതാന്‍ എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് പരിഹരിക്കും. പൊതുവാഹനങ്ങള്‍ക്കും സ്കൂള്‍ബസിനുമൊപ്പം തദ്ദേശസ്ഥാപനങ്ങളുടെയും പട്ടികജാതി–-വര്‍ഗ വകുപ്പിന്റെയും സേവനം പ്രയോജനപ്പെടുത്താം. മറ്റ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ സ്കൂളിന്റെ സ്പെഷ്യല്‍ ഫീ, പിടിഎ ഫണ്ട് എന്നിവയില്‍നിന്ന് പണം ചെലവാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കി.
പതിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്സി പരീക്ഷ എഴുതുന്നത്. അടച്ചുപൂട്ടല്‍ കാരണം മുടങ്ങിയ പരീക്ഷകള്‍ 26 മുതല്‍ 30വരെയാണ് നടക്കുന്നത്.

പ്രധാന നിര്‍ദേശങ്ങള്‍
പരീക്ഷാനടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. പരീക്ഷാദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും ബെഞ്ചും ഡെസ്കും അണുവിമുക്തമാക്കും. പരീക്ഷാകേന്ദ്രത്തിലേക്ക് പ്രധാനകവാടത്തിലൂടെമാത്രമേ കടത്തിവിടൂ. കൂട്ടംകൂടാന്‍ അനുവദിക്കില്ല. 500 കുട്ടികള്‍ക്ക് ഒന്ന് എന്ന കണക്കില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്കാനര്‍ എത്തിക്കും. സാനിറ്റൈസര്‍, മാസ്ക് എന്നിവയും സജ്ജമാക്കും. പരമാവധി 20 പേരെമാത്രമേ ഒരു മുറിയില്‍ പരീക്ഷയ്ക്കിരുത്തൂ. പരീക്ഷാഹാളുകള്‍ കൂടുമ്ബോള്‍ ഇന്‍വിജിലേറ്റര്‍മാരെ അധികം വേണ്ടിവന്നാല്‍ പ്രൈമറി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാം. പരീക്ഷാകേന്ദ്രം മാറുന്നവരുടെ വിവരം ചീഫ് സൂപ്രണ്ടുമാരെ അറിയിക്കും. ഇതനുസരിച്ച്‌ ആവശ്യമായ ചോദ്യപേപ്പര്‍ സ്കൂളിലുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡ് കെയര്‍ സെന്ററുകളായോ അഗതികേന്ദ്രങ്ങളായോ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ വിട്ടുകിട്ടുന്നില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും.

കണ്ടയ്ന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രമീകരണം
കണ്ടയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കും. മുന്നൊരുക്കങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതലത്തില്‍ മോണിറ്ററിങ് ടീം പ്രവര്‍ത്തനം തുടങ്ങി. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കും.

വ്യാഴാഴ്ച ബിആര്‍സികളില്‍ പ്രധാനാധ്യാപക യോഗം ചേര്‍ന്നു. വെള്ളിയാഴ്ച എല്ലാ സ്കൂളിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പിടിഎ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. പിടിഎ, എസ്‌എംസി അംഗങ്ങളും അധ്യാപകരുമടങ്ങുന്ന സംവിധാനം എല്ലാ സ്കൂളിലും രൂപീകരിക്കും. പരീക്ഷാഹാള്‍, ഫര്‍ണിച്ചര്‍, സ്കൂള്‍പരിസരം എന്നിവ 25നകം ശുചീകരിക്കും. ഇതിന് അഗ്നിരക്ഷാസേനയുടെയും സന്നദ്ധസംഘടനകളുടെയും സഹായം തേടാം.

സര്‍വകലാശാല പരീക്ഷ ജൂണ്‍ ആദ്യവാരം
സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ക്ലാസുകള്‍ ജൂണില്‍തന്നെ ഓണ്‍ലൈനായി ആരംഭിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ നിര്‍ദേശിച്ചു.


Post a Comment

أحدث أقدم

Join Whatsapp

Advertisement