ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, പഞ്ചാബ്, ഒഡീഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മേയ് 16 വരെ ലോക്ക്ഡൗൺ നീട്ടേണ്ടിവരുമെന്ന് ഡൽഹി സർക്കാർ പറഞ്ഞതിനു പിന്നാലെയാണ് മറ്റ സംസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കിയത്.ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി തിങ്കളാഴ്ച സംസ്ഥാനങ്ങളുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തുന്നുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം സ്വീകരിക്കുമെന്ന് ഗുജറാത്ത്, അന്ധ്രാപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചൽപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾ അറിയിച്ചു. കേരളം, ആസ്സാം എന്നീ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനമെടുക്കും. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മുംബൈ, പുണെ എന്നിവിടങ്ങളിൽ മേയ് 18 വരെ ലോക്ക്ഡൗൺ കർശനമായി തുടരണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കും. വേണ്ടിവന്നാൽ ലോക്ക്ഡൗൺ 15 ദിവസംകൂടീ നീട്ടാൻസംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാൾ, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കുമെന്നാണ് സൂചന. ബംഗാളിലെ കോവിഡ് റെഡ്സോണുകളായ കൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്നാപുർ, ഈസ്റ്റ് ബർദ്വാൻ, നോയ്ഡ എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സംസ്ഥാനം പൂർണമായും അടച്ചിടാൻ ഉദ്ദേശിക്കുന്നില്ല. പഞ്ചാബിലും പൂർണമായും ലോക്ക്ഡൗൺ പിൻവലിക്കില്ലെന്നാണ് റിപ്പോർട്ട്. ഒഡീഷയിൽ രോഗബാധ ഇല്ലാത്ത മേഖലകളിൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കാനാണ് ആലോചിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി നാബ കിഷോർ ദാസ് വ്യക്തമാക്കി. രോഗബാധയുള്ള ഇടങ്ങളിൽ നിയന്ത്രണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഇന്ദോർ, ഭോപ്പാൽ, ഉജ്ജയ്ൻ, ഖാർഗോൺ, ജബൽപുർ എന്നിവിടങ്ങളിൽ മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിപ്പിക്കില്ല. ബാക്കി സ്ഥലങ്ങളിൽ ഘട്ടംഘട്ടമായി മാത്രം ഇളവുകൾ നൽകാനാണ് സംസ്ഥാനസർക്കാർ ഉദ്ദേശിക്കുന്നത്.
Post a Comment