ലോക്ക് ഡൗൺ ഒരുമാസം പിന്നിട്ടതോടെ പ്രതിസന്ധിയിലാക്കിയത് ഇരിട്ടി ഉൾപ്പെടെ മലയോരത്തെ 4 പ്രധാന പാലങ്ങളുടെ നിർമാണം

ഇരിട്ടി: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ  ഒരുമാസം പിന്നിട്ടതോടെ ഇരിട്ടി ഉൾപ്പെടെ മലയോരത്തെ  നാലു പ്രധാന  പാലങ്ങളുടെ നിർമാണം പ്രതിസന്ധിയിലായി. ഇരിട്ടി - വീരാജ് പേട്ട  അന്തർസംസ്ഥാന പാതയിലെ  ഇരിട്ടി, കൂട്ടുപ്പുഴപാലങ്ങളുടെ നിർമാണവും, ആറളംഫാമിൽ നിർമ്മാണത്തിലിരിക്കുന്ന വളയംചാൽ ,ഓടന്തോട് പാലങ്ങളുടെ നിർമാണവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത് . നാലു വർഷം മുൻപ് നിർമ്മാണം തുടങ്ങിയ ഇരിട്ടി ,കൂട്ടുപുഴ പാലങ്ങളുടെ പുനർ നിർമാണം  നീണ്ടുപോകുന്നത്  അന്തർസംസ്ഥാന പാതയിൽ വൻ ഗതാഗത പ്രശ്നങ്ങൾക്ക് ഇടയാക്കും.
പഴയ പാലത്തിന് സമാന്തരമായി 144 മീറ്റർ നീളത്തിൽ  ഇരിട്ടി പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിൻ്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ 96  മീറ്റർ ഉപരിതല വാർപ്പ് മാസങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. പുഴയിലെ തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് പൂർത്തിയാക്കേണ്ട ഉപരിതല വാർപ്പ് ആണ് ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിൽ ആയത്. കാലവർഷം ആരംഭിക്കുന്നതോടെ പുഴയിൽ കുത്തൊഴുക്ക് കൂടുന്നതോടെ പാലങ്ങളുടെ നിർമാണം പൂർണ്ണമായും സ്തംഭിക്കും.  ഉപരിതല വാർപ്പിനായി പുഴയിൽ മണ്ണിട്ട് ഉയർത്തി ഉണ്ടാക്കിയ സംവിധാനങ്ങളും ഇതോടൊപ്പം ഒഴുകിപ്പോകും.
നേരത്തെ രണ്ട് തവണ പൈലിങ്ങ് തൂൺ ഉൾപ്പെടെ ഒഴുകി പോയിരുന്നു. ഇത്തവണ കാലവർഷത്തിൽ മുൻപ് ഉപരിതല വാർപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് ലോക്ക് ഡൗൺ ഉണ്ടായത് .ഉടൻ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞാൽ
മഴക്ക് മുൻപ് പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാർ കമ്പനി. എന്നാൽ നിർമ്മാണം ആരംഭിക്കുന്നതിന്
പ്രത്യേക അനുമതികൾ തേടി കരാർ കമ്പനി ജില്ലാ ഭരണകൂടത്തിൻ്റെ അപേക്ഷ നൽകിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല .
കർണാടക വനംവകുപ്പിൻ്റെ എതിർപ്പിനെതുടർന്ന് രണ്ടുവർഷമായി നിർത്തിവച്ച കൂട്ടുപുഴ പാലത്തിൻ്റെ നിർമ്മാണവും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത് . പാലം നിർമാണത്തിന് നാഷണൽ വൈൽഡ് ലൈഫ് ബോർഡ് അനുമതി അടുത്തകാലത്ത് ലഭിച്ചെങ്കിലും അടച്ചിടൽ കാരണം നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കാലവർഷം ആരംഭിക്കുമ്പോൾ തന്നെ പുഴയിൽ വെള്ളം നിറയുന്നത് ഇതിൻ്റെയും നിർമാണത്തെ സ്തംഭിപ്പിക്കും. ഉടനടി നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം കഴിഞ്ഞേ പ്രവർത്തി തുടങ്ങാനാവൂ. ഇപ്പോഴത്തെ കാലതാമസം അന്തർസംസ്ഥാന പാതയിൽ ഗതാഗതത്തെ പ്രതിസന്ധിയിലാക്കും.   നബാഡ് സ്കീമിൽ ഉൾപ്പെടുത്തി ആറളം ഫാമിൽ നിർമ്മിക്കുന്ന വളയംചാൽ ,ഓടംതോട് പാലങ്ങളുടെ നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.  ആറളംഫാമിനെയും, കേളകം പഞ്ചായത്തിലെയും ബന്ധിപ്പിക്കുന്ന വളയംചാൽ പാലത്തിൻ്റെ പുഴക്ക് കുറുകെ നിർമ്മിക്കേണ്ട ഭാഗമാണ് അവശേഷിക്കുന്നത് . ഇതും പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചാൽ പൂർത്തിയാക്കാനാവില്ല.
ആറളം -കണിച്ചാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലവും സമാന പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് .
പ്രത്യേക പരിഗണന നൽകി തൊഴിലാളികളുടെ എണ്ണം കുറച്ച് പരമാവധി യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തി  ഇപ്പോൾ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞാൽ മാത്രമേ മഴയ്ക്ക് മുൻപ്  ഈ പാലങ്ങളുടെയും  അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ കഴിയൂ.  ഇതിന് പ്രത്യേക അനുമതിയും ആവശ്യമാണ്‌. നിർമ്മാണം വൈകുന്നതിന് മൂലം  സാമ്പത്തിക  നഷ്ടവും ഏറെയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement