വാങ്ങാനാളില്ല; പ്രതീക്ഷ കൈവിട്ട് നേന്ത്രപ്പഴ വിപണിയും

കേളകം:വാങ്ങാനാളില്ലാതായതോടെ കടകളിൽ നേന്ത്രപ്പഴം ചീഞ്ഞ് നശിക്കുന്നത് കണ്ടു നിൽക്കുകയാണ് വ്യാപാരികൾ. ലോക് ഡൗണിലും പച്ചക്കറി- പഴം വിപണികൾ തുറക്കാൻ അനുമതിയുണ്ടായിരുന്നതിനാൽ വാങ്ങി സൂക്ഷിച്ച നേന്ത്രക്കുലകളാണ് കടകളുടെ ഗോഡൗണുകളിൽ ചീഞ്ഞ് നശിക്കുന്നത്. ആളുകൾ നേന്ത്രപ്പഴം വാങ്ങാത്തതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കർണാടകത്തിൽ നിന്നും നാടൻ കർഷകരിൽ നിന്നും സംഭരിക്കുന്ന വാഴക്കുലകൾ നശിച്ചുപോകാതിരിക്കാനായി ചെറിയ വിലയ്ക്ക് വിറ്റൊഴിവാക്കുകയാണ് ഭൂരിഭാഗം വ്യാപാരികളുമിപ്പോൾ. ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞു. പോലീസ് പരിശോധ കർശനമാക്കിയതോടെ വ്യാപാരികൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. 
വളരെക്കുറച്ച് ആളുകൾ മാത്രമേ കടയിൽ എത്തുന്നുള്ളുവെന്ന് കേളകത്തെ പഴം-പച്ചക്കറി വ്യാപാരി പറഞ്ഞു. രണ്ടു ദിവസമായി വിരലിലെണ്ണാവുന്നവർ മാത്രമാണെത്തുന്നത്. ഇറക്കി വെച്ചിരിക്കുന്ന പച്ചക്കറികളും വാടി നശിക്കുകയാണ്. കനത്ത ചൂടു കൂടിയായതിനാൽ നേന്ത്രപ്പഴങ്ങളും വേഗത്തിൽ പഴുക്കുന്നു. ലോക് ഡൗണിലും കട തുറന്നു പ്രവർത്തിക്കാമെന്നറിയിച്ചതിനാൽ എത്തിച്ചതാണ് കൂടുതൽ നേന്ത്രപ്പഴം. ആദ്യ ദിനങ്ങളിൽ നേന്ത്രപ്പഴത്തിന് ആവശ്യക്കാരും ഏറെയായിരുന്നു. എന്നാലിപ്പോൾ ആളുകളില്ല നേന്ത്രപ്പഴങ്ങൾ ചീഞ്ഞു പോകുന്നു.- വ്യാപാരി പറഞ്ഞു. കിലോഗ്രാമിന് 20-25-നാണ് ഇപ്പോൾ നേന്ത്രപ്പഴം വിൽക്കുന്നത്. കൂടുതൽ വാങ്ങുകയാണെങ്കിൽ വീണ്ടും വിലകുറച്ച് നൽകുന്നുമുണ്ട് വ്യാപാരികൾ.
 തണ്ണീർമത്തൻ അടക്കമുള്ളവയും കടകളിൽ വിൽക്കാനാവാതെ കിടക്കുകയാണ്. നേരത്തെ കിലോയ്ക്ക് 25 എന്ന നിരക്കിൽ വിറ്റിരുന്ന ഇവ ഇപ്പോൾ 10-നും 15-നുമാണ് വിൽക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement