വർഷകാലത്ത് കോവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്നു മുന്നറിയിപ്പ്

ഡൽഹി:  അടച്ചിടലിനുശേഷമുള്ള ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണംകുറയാനിടയുണ്ടെങ്കിലും കാലവർഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്നു മുന്നറിയിപ്പ്. ജൂലായ് അവസാനത്തോടെയും ഓഗസ്റ്റിലുമായിരിക്കുമിത്. അടച്ചിടൽ പിൻവലിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ച് വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടാമെന്നും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ അധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യു.പി.യിലെ ശിവ് നാടാർ സർവകാശാല അധ്യാപകനായ സമിത് ഭട്ടാചാര്യയും പറഞ്ഞു. വർഷകാലം ഇന്ത്യയിൽ പകർച്ചപ്പനിയുടെ കാലംകൂടിയാണ്. പനിയുടെ ആദ്യലക്ഷണംപോലും അവഗണിക്കാതെ ഹോട്‌സ്പോട്ടുകളിൽ പരമാവധി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തിശുചിത്വത്തിനൊപ്പം മുഖാവരണം ധരിക്കലും മറ്റും ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാകണം. നിയന്ത്രണങ്ങളിൽ ഇളവുവരുന്നതോടെ രോഗികളുടെ എണ്ണംകൂടുന്നതായുള്ള അനുഭവം ചൈനയിൽ ഉണ്ടായിട്ടുണ്ട്. ചൈനയിലും യൂറോപ്പിലും രോഗം ഭേദമായവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈസാഹചര്യത്തിൽ എല്ലാവരും രോഗഭീഷണി നേരിടുന്നവരാണ്. രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതിനെടുക്കുന്ന കാലയളവ് ഇന്ത്യയിൽ 3.4 ദിവസം എന്നത് 7.5 ദിവസമായി കൂടിയത് ആശ്വാസകരമാണ്. പുതുതായി രോഗികളാവുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനുംദിവസങ്ങളായി കുറഞ്ഞുവരുന്നു. എങ്കിലും അടച്ചിടൽ എപ്പോൾ, എങ്ങനെ പിൻവലിക്കണമെന്നു തീരുമാനിക്കുക പ്രയാസകരമാണ്. മരുന്ന് വിപണിയിലെത്തുംവരെ ജാഗ്രത തുടരേണ്ടതുണ്ട് -ഇവർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement