ലോക് ഡൗൺ നിയന്ത്രണങ്ങളിൽ വിവിധ മേഖലകൾക്ക് ഇളവുകൾ നല്കിയിട്ടും കാർഷിക മേഖലയെ മാത്രം സർക്കാർ തീർത്തും അവഗണിക്കുകയാണെന്നും നിയമത്തിൻ്റെ മറവിൽ കർഷകരെ പീഡിപ്പിക്കുകയാണെന്നും കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആരോപിച്ചു.
കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതിനാൽ കർഷകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. കൃഷിസ്ഥലത്ത് പോകാൻ പോലും അനുവദിക്കുന്നില്ല. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കശുവണ്ടി സംഭരണം പരാജയപ്പെട്ടു. കഴിഞ്ഞ വർഷം 130 രൂപ വില ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 90 രൂപയാണ് കശുവണ്ടിക്ക് സർക്കാർ നൽകിയത്. ഈ അന്തരം എങ്ങനെയുണ്ടായെന്ന് സർക്കാർ വ്യക്തമാക്കണം. വിഷമഘട്ടത്തിൽ കർഷകരെ ചൂഷണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. റബ്ബർ സബ്സിഡി നാമമാത്രമായാണ് വിതരണം ചെയ്തത്.
ഹോട്ട് സ്പോട്ടുകൾ അല്ലാത്ത പഞ്ചായത്തുകളിലെങ്കിലും ഇളവുകൾ പ്രഖ്യാപിച്ച് കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണം. ആർ പി എസ് മുഖേന റബ്ബർ സംഭരിക്കാൻ റബ്ബർ ബോർഡിന് നിർദ്ദേശം നൽകണം. പുതു കൃഷി ആരംഭിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണം. ബാങ്ക് വായ്പകൾക്കുള്ള തിരിച്ചടവിന് ഒരു വർഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കണം.
കർഷകരോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സജീവ് ജോസഫ് മുന്നറിയിപ്പ് നല്കി.
إرسال تعليق