പേരാവൂർ പിടിക്കാൻ 'ശൈലജ ടീച്ചർ'; നാമനിർദേശ പത്രിക സമർപ്പിച്ചു


പേരാവൂർ: കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന പേരാവൂർ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർ നാമനിർദേശ പത്രിക സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് ടീച്ചർ വരണാധികാരിക്ക് മുൻപാകെ എത്തിയത്. സ്ഥാനാർത്ഥിക്കൊപ്പം പ്രമുഖ ഇടത് നേതാക്കളും പത്രികാ സമർപ്പണത്തിൽ പങ്കെടുത്തു.


നിലവിൽ മട്ടന്നൂർ എംഎൽഎയായ കെ.കെ. ശൈലജയെ ഇത്തവണ പേരാവൂർ തിരിച്ചുപിടിക്കാനാണ് സിപിഎം പാർട്ടി നിയോഗിച്ചിരിക്കുന്നത്.


2006-ൽ പേരാവൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ചരിത്രം ശൈലജ ടീച്ചർക്കുണ്ട്. യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന ഇവിടെ അന്ന് അട്ടിമറി വിജയമാണ് ടീച്ചർ നേടിയത്.


യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫുമായാണ് ടീച്ചറുടെ പ്രധാന പോരാട്ടം.


മണ്ഡലത്തിലെ വികസന മുരടിപ്പും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ടർമാർക്കിടയിൽ ചർച്ചയാകുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളും മലയോര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഉയർത്തിക്കാട്ടിയാകും വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കുക.


പേരാവൂർ തിരിച്ചുപിടിക്കാൻ ശൈലജ ടീച്ചർ എത്തുന്നതോടെ മണ്ഡലത്തിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പായി. ബിഡിജെഎസ് സ്ഥാനാർത്ഥി പൈലി വാത്യാട്ടാണ് എൻഡിഎ മുന്നണിക്ക് വേണ്ടി മത്സരരംഗത്തുള്ളത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement