ഇരിക്കൂർ: കരുവഞ്ചാൽ പാലം നിർമാണം ഉടൻ ആരംഭിക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. കരുവഞ്ചാൽ പാലം നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ എം.എൽ.എ, അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മലയോര ഹൈവേയിലേയും തളിപ്പറമ്പ്-കൂർഗ് റോഡിലേയും ഏറ്റവും പ്രധാനപ്പെട്ട പാലമായ കരുവഞ്ചാൽ പാലം 70 ഓളം വർഷം കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലാണുള്ളതെന്നും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നതെന്നും വിവിധ മലയോര പഞ്ചായത്തുകളെ ജില്ലാ താലൂക്ക് ആസ്ഥാനങ്ങളുമായും കാസർഗോഡ് ജില്ലയുമായും, കൂർഗുമായും ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗമാണെന്നും അഡ്വ. സജീവ് ജോസഫ് സഭയെ അറിയിച്ചു.
കരുവഞ്ചാൽ പാലം നിർമ്മാണത്തിനായി 6 കോടി രൂപയുടെ അടങ്കൽ തുക കണക്കാക്കി 2021-22 ബഡ്ജറ്റിൽ 1.2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദമായ എസ്റ്റിമേറ്റ് കണക്കാക്കി വരുന്നുവെന്നും, എസ്റ്റിമേറ്റ് ലഭിച്ചാൽ ഭരണാനുമതി ഉൾപ്പെടെയുള്ള മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു.

إرسال تعليق