ഡോ.മേരി കളപ്പുരക്കലിന് വേൾഡ് മലയാളി കൗൺസിൽ "മദർ ഓഫ് മലബാർ" അവാർഡ്
പയ്യാവൂർ: കേരളത്തിlലെ മികച്ച സാമൂഹിക പ്രവർത്തക ഡോ.മേരി കളപ്പുരക്കലിന് വേൾഡ് മലയാളി കൗൺസിൽ "മദർ ഓഫ് മലബാർ" അവാർഡ് നല്കി ആദരിക്കും. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമാംഗവും കാരിത്താസ് പാലിയേറ്റീവ് കെയർ മേധാവിയും, പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ സ്ഥാപകയുമാണ് ഡോ. മേരി കളപ്പുരയ്ക്കൽ. 50 വർഷത്തിലേറെയായി ഡോക്ടർ എന്ന നിലയിൽ മലബാറിലെ ആരോഗ്യ, സാമൂഹ്യ രംഗത്തും കേരളത്തിലെ പാലിയേറ്റീവ് കെയർ, ജീവകാരുണ്യ രംഗത്തും,സഭയുടെ വളർച്ചക്കും നൽകിയ നിസ്വാർഥ സേവനം കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.തിരുവനന്തപുരം കോവളം സോമതീരം റിസോർട്ടിൽ വച്ചു നടന്ന ഡബ്ല്യൂഎംസി ഇന്ത്യ റീജിയൻ ബൈനിയൽ കോൺഫറൻസിൽ വച്ച് മുൻ പ്രസിഡന്റ് ഷാജി എം മാത്യു ആയിരുന്നു അവാർഡ് പ്രഖ്യാപിച്ചത്.അനശ്വരമായ മാനവ സേവന മാതൃകകൾക്ക് ഉയിരേകിയ ഒരു സമർപ്പിത ധന്യ ജീവിതത്തിന് ഉടമ ആയ ഡോ.മേരി കളപ്പുരയ്ക്കൽ ആധുനിക ലോകത്തിനു വലിയ മാതൃകയാണ് . അരനൂറ്റാണ്ട് കഴിഞ്ഞ തൻറെ ആതുര സേവന രംഗത്തെ നേട്ടങ്ങൾ ഒരു നാടിന്റെ ഉയർത്തെഴുന്നേൽപ്പിന് അവർ നല്കിയ ജീവരക്തം കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ് എത്ര മഹനീയമാണ് ആ ജീവിതം എന്ന് തിരിച്ചറിയുക.
85 വയസ്സിന്റെ ആലസ്യം ഏതുമില്ലാതെ ആറു പതിറ്റാണ്ട് താണ്ടിയ ഈ സമർപ്പിത ജീവിതം നേരിട്ട് അറിയുന്നവർക്ക് ഇന്നും ആശ്ചര്യമായി മാറുന്നു.സാമ്പത്തിക പരിമിതികളിൽ പെട്ട് നട്ടം തിരിഞ്ഞ അരനൂറ്റാണ്ട് മുമ്പ് ഒരു വനിത സ്വന്തം ജീവിത സമർപ്പണം വെറും സേവനത്തിലൂടെ മാത്രമല്ല ആശുപത്രികളും, ആതുരസേവന സംവിധാനങ്ങളും പടുത്തുയർത്താൻ നടത്തിയ നിശബ്ദ പ്രയത്നം വലിയ ആദരവ് അർഹിക്കുന്നു. 21ന് (തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് കാരിത്താസ് ചൈതന്യ കൺവെൻഷൻ സെന്ററിൽ വച്ചാണ് ഡബ്ല്യൂഎംസി "മദർ ഓഫ് മലബാർ" അവാർഡ് നൽകുന്നത്. അവാർഡ് ദാന ചടങ്ങിൽ തോമസ് ചാഴികാടൻ എം പി, കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിൽ , ദീപിക ഡയറക്റ്റർ ഫാദർ മാത്യു വെട്ടികാട്ട്, ദീപിക മാനേജിങ് ഡയറക്ടർ മാത്യു ചന്ദ്രൻകുന്നേൽ,മോൻസ് ജോസഫ് എംഎൽഎ , ഡബ്ല്യൂഎംസി ഗ്ലോബൽ, റീജിയൻ,പ്രോവിൻസ് ഭാരവാഹികളും എന്നിവർ പങ്കെടുക്കും.ഈ അവാർഡ് ലോകത്തിലെ ആതുര സേവന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌കാരമാണെന്ന് ഡബ്ല്യൂഎംസി ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള പറഞ്ഞു.
Post a Comment