പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു
12 Dec 2020
കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ ഖാദര്‍ അന്തരിച്ചു (85). കോഴികോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറത്തെ മണ്ണില്‍ പിറന്നുവീണിട്ടും മലയാളിത്തനിമയില്‍ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന യു.എ ഖാദര്‍.
ബര്‍മയില്‍ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിന്‍ ഗ്രാമത്തിലായിരുന്നു യു.എ ഖാദര്‍ ജനിച്ചത്. മൂന്നാം നാള്‍ വസൂരി ബാധിച്ചു മാതാവ് മരണപ്പെട്ടു.
രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയില്‍ ബര്‍മ വിട്ട് ഏഴാം വയസ്സില്‍ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ല്‍ കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താല്‍പര്യം. തുടര്‍ന്ന് മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്‌സില്‍ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലര്‍ത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.
1956ല്‍ നിലമ്പൂരിലെ മരക്കമ്പനിയില്‍ ഗുമസ്തനായി. 1957ല്‍ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയില്‍ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പില്‍ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും വിരമിച്ചു.
കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിന്റെ മലബാര്‍ എഡിഷനില്‍ റസിഡന്റ് എഡിറ്ററുമായിരുന്നു അദേഹം.
നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികള്‍ രചിച്ചു. അഘോരശിവം, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, തൃക്കോട്ടൂര്‍ കഥകള്‍, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2009), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1984, 2002), എസ്.കെ. പൊറ്റെക്കാട് അവാര്‍ഡ് (1993), മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിരുന്നു ഖാദര്‍.
മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ അക്ഷരത്തിലേക്ക് മാറ്റി. ഭാര്യ: ഫാത്തിമ. മക്കള്‍: ഫിറോസ് (യു.എ കലക്ഷന്‍സ്), കബീര്‍ (തൃക്കോട്ടൂര്‍ ടെക്സ്റ്റയില്‍സ്), അദീപ് (ഹൈലൈറ്റ് സ്‌പെയര്‍), സറീന, സുലൈഖ. മരുമക്കള്‍: കെ. അബ്ദുല്‍സലാം (ബേബി കെയര്‍), സഗീര്‍ അബ്ദുല്ല (ദുബൈ), സുബൈദ, ഷരീഫ, റാഹില.
إرسال تعليق