കാൻസർ ഗവേഷണ രംഗത്ത് നൂതന കണ്ടുപിടുത്തങ്ങളുമായി മലയാളി ശാസ്ത്രജ്ഞൻ



പയ്യാവൂർ:അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിലെ പ്രശസ്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്ന ഗവേഷണ ശാലയിലെ മലയാളി യുവ ശാസ്ത്രജ്ഞൻ കാൻസർ ഗവേഷണ രംഗത്ത് ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വഴി തെളിച്ചേക്കാവുന്ന കണ്ടുപിടുത്തത്തിന് ഉടമയായി.കണ്ണൂർ ജില്ലയിലെ പൈസക്കരി സ്വദേശിയായ ഡോ.റോബിൻ സെബാസ്റ്റ്യനാണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച യുവ ശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്ത്ര ലേഖനം അമേരിക്കയിലെ പ്രശസ്തമായ എൽസവീർ (El sevier ) പബ്ളിക്കേഷന്റെ ശാസ്ത്ര മാസികയായ മോളിക്യൂലാർ സെല്ലിൽ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസികയുടെ കവർ പേജ് ഡോ. റോബിന്റെ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. മനുഷ്യകോശങ്ങളിലെ ക്രോമോസോമിൽ അടങ്ങിയിട്ടുള്ള macrohistone എന്ന പ്രോട്ടീൻ തന്മാത്രകളെപ്പറ്റിയാണ് റോബിൻ പഠനം നടത്തിയത്. ഈ പ്രോട്ടീന്റെ ധർമ്മം എന്താണെന്ന് മുൻപ് കണ്ടെത്തിയിരുന്നില്ല. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും macrohistone 1.2 എന്ന പ്രോട്ടീൻ തന്മാത്ര നീക്കം ചെയ്യപ്പെട്ട എലികളുടെ പരമ്പരയിൽ ആൺ പെൺ അനുപാതം 70:30 എന്ന ക്രമത്തിൽ വ്യത്യാസപ്പെട്ടിട്ടുള്ളതായി കണ്ടു. മാത്രമല്ല അപ്രകാരം പ്രോട്ടീൻ തന്മാത്ര നീക്കം ചെയ്യപ്പെട്ട എലികളുടെ ജനിതക (DNA) ഘടനയിൽ സാരമായ തകരാറുകൾ സംഭവിച്ചതായും കണ്ടെത്തി. മനുഷ്യൻ ഉൾപ്പെട്ട ജീവികളുടെ ക്രോമോസോമിന്റെ ഘടന നിലനിർത്തുന്നതിൻ macrohistone1.2പ്രോട്ടീൻ തന്മാത്രകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നായിരുന്നു പ്രധാന കണ്ടെത്തൽ . ഈ പ്രോട്ടീൻ തന്മാത്രകളുടെ അഭാവവും അപചയവും കാൻസർ ഉണ്ടാകുന്നതിന് കാരണമായി തീരാമെന്നും പഠനം തെളിയിക്കുന്നു. കാൻസർ ഗവേഷണ രംഗത്ത് ഒരു സുപ്രധാന വഴിത്തിരിവാണ് ഡോ. റോബിൻ സെബാസ്റ്റന്റെ കണ്ടെത്തൽ . കാൻസർ ഗവേഷണത്തിൽ നൂതന ആശയങ്ങൾ സമർപ്പിക്കുന്ന ഗവേഷകർക്ക് യു.എസ്. ഗവണ്മെന്റ് നൽകുന്ന എൻ ഐ സി  ഡയറക്ട്ടേഴ്സ് ഇന്നോവേഷൻ അവാർഡ് ഡോ. റോബിൻ സെബാസ്റ്റ്യൻ കരസ്ഥമാക്കിയിട്ടുണ്ട്.ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ എൻഡോ സൾഫാൻ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ജനിതക മാറ്റങ്ങളെ സംബന്ധിച്ച് ശ്രദ്ധേയമായ പ്രബന്ധം റോബിൻ സെബാസ്റ്റ്യന്റെതായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വാഷിംഗ്ടണിലെ എൻ ഐ എച്ചിൽ റിസേർച്ച് ഫെലോ ആയി ജോലി ചെയ്യുന്നു. ഭാര്യ ഡോ.സുപ്രിയ വർത്തക് ഇതേ സ്ഥാപനത്തിലെ ശാസ്ത്രജ്ഞയാണ്. റിട്ട. ജില്ലാ സാമൂഹ്യ നീതി ഓഫീസർ  തെക്കേപുതുപ്പറമ്പിൽ ടി.ടി. സെബാസ്റ്റ്യന്റെയും സെന്റ് മേരീസ് യു പി സ്‌കൂൾ  റിട്ട. അധ്യാപിക റോസമ്മയുടെയും മകനാണ് ഡോ. റോബിൻ സെബാസ്റ്റ്യൻ.ഏക സഹോദരൻ റോണി ബി എഡ് വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement