തലചായ്ക്കാൻ ഇടമില്ലാതെ ചീത്തപ്പാറ സ്വദേശി നവ്യശ്രീ എന്ന ദേശീയ കായിക പ്രതിഭ




ദേശീയ കായിക പ്രതിഭയ്ക്കു തലചായ്ക്കാൻ കെട്ടുറപ്പുള്ളാരു വീടു വേണം...

പയ്യാവൂർ:ദേശീയ കായിക മത്സരങ്ങളില്‍ വടംവലിയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ കായിക പ്രതിഭകളോട് മത്സരിച്ച് വിജയം നേടി കേരളത്തിന്റെ യശ്ശസ്സുയര്‍ത്തിയ മലയോരത്തെ കായിക പ്രതിഭകള്‍ ഇപ്പോഴും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണ് തള്ളി നീക്കുന്നത്. അതിനുദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ പഞ്ചായത്തിലെ മലയോര ഗ്രാമമായ ചീത്തപ്പാറയിലെ വടക്കേക്കര രാജന്‍ പുഷ്പ ദമ്പതികളുടെ മകള്‍ നവ്യശ്രീ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി. സ്കൂള്‍ കാലഘട്ടം മുതല്‍ ക്ലാസ്മുറി പഠനത്തിനൊപ്പം കായികമത്സരങ്ങളില്‍ എപ്പോഴും മുന്നിലാണിവള്‍. അദ്ധ്യാപകരുടെയും നാട്ടുകാരുടേയും പ്രതീക്ഷകള്‍ പൂവണിയിച്ചുകൊണ്ട് കായിക മത്സരങ്ങളില്‍ മിന്നുന്ന വിജയം കാഴ്ചവെച്ചപ്പോള്‍ നാടും നാട്ടുകാരും  അനുമോദനങ്ങളും ബഹുമതികളും നല്‍കി പ്രോത്സാഹിപ്പിച്ചു. എന്നാല്‍, ഇത്തരം വിജയങ്ങള്‍ക്കു പിന്നിലെ ഈ വിദ്യാര്‍ത്ഥിയുടെ കഷ്ടപ്പാടു നിറഞ്ഞ  ജീവിതസാഹചര്യങ്ങള്‍ വിജയാഘോഷങ്ങള്‍ക്കിടയില്‍ പലരും അന്വേഷിച്ചില്ല. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്നും നേരംപുലരുംമുമ്പ് കായിക പരിശീലനത്തിനായി കിലോമീറ്ററുകള്‍ ഒറ്റയ്ക്ക് നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്.കാര്‍ഷിക ജോലികള്‍ ചെയ്തു കുടുംബത്തെ നയിക്കുന്ന പിതാവ് രാജനും,അമ്മ പുഷ്പയ്ക്കും മക്കളുടെ ഭാവിയെക്കുറിച്ച് ആകുലതകളുണ്ടെങ്കിലും വലിയ ആഗ്രഹമായി എന്നും നിലനില്‍ക്കുന്ന സുരക്ഷിതമായൊരു വീടെന്ന സ്വപ്നം ഇനിയും ഏറെ അകലെയാണ്. പഴമയെ ഓര്‍മ്മപ്പെടുത്തുന്ന മണ്‍കട്ടകള്‍ക്കൊണ്ട് നിര്‍മ്മിച്ച ഓടിട്ട വീടാണ് ഈ കുടുംബത്തിന് ഇന്നും തണലായി നിലകൊള്ളുന്നത്. വീടിന്റെ ഉത്തരവും ഓടിനെ താങ്ങി നിര്‍ത്തുന്ന പട്ടികകളും കാലത്തെ അതിജീവിക്കാനാകാതെ ദിനംപ്രതി തകര്‍ന്നു കൊണ്ടിരിക്കുകയാണ്.വലിയ കാറ്റില്‍ വീട് കുലുങ്ങുന്നതായും ഇവര്‍ പേടിയോടെ പറയുന്നു. മഴക്കാലങ്ങളില്‍ വീടിനുള്ളിലേക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ വീടിനുള്ളിലെ സാധനങ്ങളെ വെള്ളത്തിലാക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ ശ്രീനന്ദയും , ചേച്ചി നവ്യശ്രീയും പഠിക്കാനായി പ്ലാസ്റ്റിക് ചാക്ക് വലിച്ചുകെട്ടിയാണ് പുസ്തകങ്ങളെ മഴയില്‍ നിന്നും രക്ഷിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിനായി സുമ്മനസ്സുകള്‍ ടിവി നല്‍കിയിരുന്നു. എന്നാല്‍, രാവിലെയുള്ള കോടമഞ്ഞുകാരണം ടിവിയുടെ ഡിഷിനും മൊബൈല്‍ ഫോണിനും സിഗ്നല്‍ ലഭിക്കാതായതോടെ ഇവരുടെ പഠനമെന്ന പ്രതീക്ഷയും നിലച്ചു. ചുരുക്കത്തില്‍ പുറംലോകമായുള്ള ആശയബന്ധസംവിധാനങ്ങള്‍ ഈ കുടുംബത്തിന് ഓരോ ദിവസവും അന്യമായികൊണ്ടിരിക്കുകയാണ്. ഉപജീവനമാര്‍ഗ്ഗമായി സംരക്ഷിച്ചുപോരുന്ന 2 പശുക്കളും കിടാക്കളുമാണ് ഇവരെ പട്ടിണിയില്‍ നിന്നും അകറ്റുന്നത്. ഓണ്‍ലൈന്‍ പഠനം മുന്നോട്ട് പോകാനാകാതെ വന്നതോടെ മാതാപിതാക്കള്‍ക്കൊപ്പം ആകെയുള്ള 25 സെന്റ് സ്ഥലത്തെ കൃഷിപ്പണികളും പശുക്കള്‍ക്കുള്ള പുല്ല് ശേഖരിക്കുന്ന പ്രവര്‍ത്തികളുമായി മുന്നോട്ട് പോവുകയാണ് നവ്യശ്രീ എന്ന ഈ ദേശീയ കായികതാരം. എലിയും പാറ്റയും ദിവസവും തേടിയെത്തുന്ന സര്‍ട്ടിഫിക്കറ്റുകളും പുരസ്‌ക്കാരങ്ങളും സംരക്ഷിക്കാനാകാത്തതിന്റെ ദുഖവും ഈ വിദ്യാര്‍ത്ഥിനിയുടെ മനസ്സിനെ വേട്ടയാടുകയാണ്.സര്‍ക്കാരിന്റെയോ, സുമ്മനസ്സുകളുടെയോ ഭാഗത്തു നിന്നും വീടെന്ന സ്വപ്‌നത്തിനായി സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.

*News : Thomas A T Ayyamkanal*
____________________________________
_കൂടുതൽ പയ്യാവൂർ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക🪀_

https://chat.whatsapp.com/IFq8zyvsfM6B13zB0tLBAX



Post a Comment

أحدث أقدم

Join Whatsapp

Advertisement