വർണ്ണക്കടലാസിൽ പൂക്കൾ വിരിയിച്ച് ആഗ്നസ്
പയ്യാവൂർ: നിർമ്മലാ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആഗ്നസ് തോമസ് വേറിട്ട ശൈലിയിലാണ് കൊറോണക്കാലം ചെലവഴിക്കുന്നത്. ജീവൻ തുടിക്കുന്ന പൂക്കൾ നിർമ്മിച്ച് ശ്രദ്ധേയയായി മാറുകയാണ് തെക്കേക്കൂറ്റ് ടോമിയുടേയും ജിഷയുടേയും മകൾ.വർണ്ണക്കടലാസുകളുപയോഗിച്ച് വൈവിധ്യങ്ങളായ പൂക്കൾ നിർമ്മിക്കുന്ന ഈ കൊച്ചു മിടുക്കി നാട്ടുകാരിൽ കൗതുകമുണർത്തുകയാണ്. പലതരം പൂക്കൾ ഞൊടിയിടയിൽ നിർമ്മിക്കുന്ന ഇവളുടെ പേപ്പർ പൂന്തോട്ടം ഏറെ ആകർഷകമാണ്. ഒറിജിനലിനെ വെല്ലുന്ന വിധത്തിലുള്ള പുഷ്പ നിർമ്മാണ ശേഖരം 150 ലേറെ കടന്നിരിക്കുന്നു.കടലാസുകളിൽ മാത്രമല്ല ആഗ്നസ് കരവിരുത് തെളിയിക്കുന്നത്. പാഴ്വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും ഇവൾ തന്റെ പ്രാവീണ്യം തെളിയിക്കുന്നു.ബോട്ടിൽ പെയിന്റിംഗ് , പാവ നിർമ്മാണം, ക്രിസ്മസ് ട്രീ , ക്ലേ ഉപയോഗിച്ചുള്ള ചിത്രങ്ങൾ, ഹാങ്ങിംഗ് ഫ്ലവേഴ്സ് എന്നിവയും , തെർമോക്കോൾ,പേപ്പർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കിളിക്കൂടുകളും, മുട്ടയിട്ട് കാവലിരിക്കുന്ന കിളികളുടെ ശില്‍പവും ആഗ്നസിന്റെ നിർമ്മാണ വൈദഗ്ദ്ധ്യം തെളിയിക്കുന്നു.അധ്യാപകരും മാതാപിതാക്കളും വല്യമ്മച്ചിയും സഹോദരനും നൽകുന്ന പ്രോത്സാഹനമാണ് ഈ മേഖലയിൽ ഇത്രത്തോളം വളരാൻ തന്നെ സഹായിച്ചതെന്ന് ആഗ്നസ് പറയുന്നു. സ്വഭാവത്തിലും പഠനത്തിലും മാതൃകയായ ഈ കൊച്ചു മിടുക്കിയെക്കുറിച്ച് അധ്യാപകരും നാട്ടുകാരും ഏറെ പ്രതീക്ഷയുള്ളവരാണ്.
Report : Thomas A T Ayyamkanal

Post a Comment