ഓൺലൈനിൽ ഐആർസിടിസി വഴി ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത എല്ലാ മുൻകൂർ യാത്രാ ടിക്കറ്റുകളും റദ്ദാക്കി പണം തിരിച്ച് നൽകാൻ റെയിൽവേ ഉത്തരവിറക്കി.അതോടെ സമയവിവര പട്ടിക പ്രകാരമുള്ള ഒരൊറ്റ സാധാരണ തീവണ്ടികളും മുൻകൂർ പണമടച്ച ഒരൊറ്റ യാത്രക്കാരനുമില്ലാത്ത അവസ്ഥയിലേയ്ക്ക് റെയിൽവേ എത്തുകയാണ്. 167 കൊല്ലത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെയൊരവസ്ഥ. എല്ലാ തലത്തിലും അർത്ഥത്തിലും വിപുലമായ മാറ്റങ്ങളോടെ പുതിയൊരു ഇന്ത്യൻ റെയിൽവേയായിരിയ്ക്കും കൊവിടാനന്തരം പ്രവർത്തനമാരംഭിയ്ക്കുന്നതെന്നതിൻ്റെ സൂചനയാണീ തീരുമാനമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. റിസർവേഷൻ കൌണ്ടറുകളും മറ്റും വഴിയുള്ള മുൻകൂർ റിസർവേഷൻ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച മാർച്ച് അവസാനം മുതൽ നിർത്തിവെച്ചിരുന്നു. അതു വരെ എടുത്തിരുന്ന ടിക്കറ്റുകൾ ആറു മാസത്തിനുള്ളിൽ റദ്ദാക്കി പണം തിരികെ വാങ്ങണമെന്ന അറിയിപ്പും പിന്നീട് നൽകിയിരുന്നു. എന്നാൽ ഏപ്രിൽ 14 വരെ ഓൺലൈനായി മുൻകൂർ റിസർവേഷൻ അനുവദിച്ചിരുന്നു. അത്തരം ടിക്കറ്റുകളാണ് റദ്ദാക്കാനായി ഇപ്പോൾ ഉത്തരവിറങ്ങിയിരിയ്ക്കുന്നത്. ഇതോടെ രേഖകൾ പ്രകാരം ഒരൊറ്റ യാത്രക്കാരനുമില്ലാത്ത സ്ഥിതിയിലേയ്ക്ക് റെയിൽവേ മാറുകയാണ്.
Post a Comment