ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണം ചെയ്യാതെ സർവീസുകൾ ആരംഭിക്കരുതെന്നു യാത്രക്കാരുടെ സംഘടനകൾ. ജനശതാബ്ദി ട്രെയിനുകളിലെ ബുക്കിങ്ങിൽ ഇടിവു വരാനുളള പ്രധാന കാരണം 3 പേർക്കിരിക്കാവുന്ന ഇടുങ്ങിയ സീറ്റുകളാണെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. സെക്കൻഡ് സിറ്റിങ് കോച്ചുകളിൽ നടുവിലുള്ള സീറ്റ് ഒഴിച്ചിടാൻ റെയിൽവേ തയാറാകണം. സ്റ്റേഷനിൽ സാമൂഹിക അകലം പാലിച്ചു വരി നിന്ന് ട്രെയിനിൽ കയറിയ ശേഷം യാത്രക്കാർ തിങ്ങിയിരുന്നു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.യാത്രക്കാരുടെ ആവശ്യം ന്യായമാണെങ്കിലും റെയിൽവേ ബോർഡാണ് തീരുമാനമെടുക്കേണ്ടതെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു സംസ്ഥാനത്തിനു മാത്രമായി ചട്ടങ്ങളിൽ മാറ്റം വരുത്താൻ പ്രയാസമാെണങ്കിലും വിഷയം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു അധികൃതർ പറഞ്ഞു. തിങ്കളാഴ്ച മുതലാണു 6 ട്രെയിനുകൾ സ്പെഷൽ സർവീസ് ആരംഭിക്കുന്നത്. ആലപ്പുഴ വഴിയുള്ള ജനശതാബ്ദിയിൽ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു 900 സീറ്റുകൾ ഇനിയും ലഭ്യമാണ്. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കു ഈയാഴ്ച മിക്ക ദിവസവും ആയിരത്തിനു മുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

إرسال تعليق