പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്ഥാനത്യാഗം ചെയ്യുന്നു? സന്യാസിയായി ആശ്രമ ജീവിതം നയിക്കുവാന്‍ വത്തിക്കാന്‍ അനുമതി







പാലാ: പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്ഥാനത്യാഗം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ബിഷപ്പ് സ്ഥാനത്തു നിന്നുള്ള  രൂപതയുടെ ചുമതലകൾ ഒഴിഞ്ഞ് ആശ്രമ ജീവിതം നയിച്ച് സന്യാസിയായി കഴിയാനാണ് അദ്ദേഹം  സ്വയം എടുത്ത തീരുമാനം. 2022 ഓടെ  അദ്ദേഹം ആശ്രമ ജീവിതത്തിലേക്ക് തിരിയുമെന്നാണ് അറിയുന്നത്. ആത്മീയ ജീവിതത്തിൽ നിന്നും  തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുന്ന ആളാണ് 58 കാരനായ ബിഷപ് മുരിക്കൻ. ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ കത്തോലിക്ക സഭയിലെ അത്യപൂർവ്വമായ സംഭവമാണ് ഒരു ബിഷപ്പ് സ്ഥാനത്യാഗം ചെയ്ത് സന്യാസിയാവുക എന്നുള്ളത്.





കാഞ്ഞിരപ്പള്ളിയിലുള്ള ആശ്രമത്തിലേക്കാണ് അദ്ദേഹം പുതിയ ജീവിതത്തിനായി പ്രവേശിക്കുന്നത്. മുൻപ് ബനഡിക്ട് പതിനാറാമൻ മാർപാപ്പാ സ്ഥാനത്യാഗംചെയ്തത് സഭയിലെ അത്യപൂർവ്വമായ സംഭവമായിരുന്നു. വിവിധ കാരണങ്ങളാല്‍ പലരെയും  മാർപാപ്പാ ബിഷപ് സ്ഥാനത്തു നിന്ന് പലരെയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വയം സ്ഥാനത്യാഗം ചെയ്യുന്നത്  ആദ്യമായിരുന്നു. അതുപോലെ മുരിക്കൻ സ്വയംസ്ഥാനമൊഴിയുന്നതും സഭയിലെ അസാധാരണമായ സംഭവമാണ്.


രണ്ടു വർഷം മുൻപ് തന്നെ ബിഷപ് മുരിക്കൻ സ്ഥാനത്യാഗം ചെയ്യുന്നതിനുള്ള അനുമതിക്കായി മാർപാപ്പക്ക്  കത്തയച്ചിരുന്നു. ഇത് സിനഡ് പരിഗണിച്ചുവെങ്കിലും തീരുമാനമെടുത്തിരുന്നില്ല. എന്നാൽ വീണ്ടും മുരിക്കൻ തൻ്റെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും വത്തിക്കാന് കത്തു നൽകുകയും ചെയ്തു. പീന്നീടാണ് സീറോ മലബാർ സഭ ഇത് ചർച്ച ചെയ്യുകയും ബിഷപ്പിന് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്തത്.


2012 അഗസ്റ്റ് 24നാണ് അദ്ദേഹം പാലാ രൂപതയുടെ സഹായ മെത്രാനായി ചുമതലയേറ്റത്. ലാളിത്യവും എളിമയും മുഖമുദ്രയാക്കിയ ജീവിതമായിരുന്നു മാർ മുരിക്കന്‍റെത്. തൻ്റെ കിഡ്നി ഒരു അന്യമതസ്ഥനു നല്കി ക്രിസ്തുവിൻ്റെ ഒരു വലിയ സന്ദേശമാണ് ലോകത്തിനു കാട്ടിക്കൊടുത്തത്. അരമനയുടെ ഭൗതീക സമൃതിയില്‍ നിന്നും  ആത്മീയതയുടെ കല്ലും മുള്ളും കാടും പടലും നിറഞ്ഞ ജീവിതത്തിലേക്ക് അദ്ദേഹം മാറുകയാണ്.ഇദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്നതോടെ പാലാ രൂപതക്ക് പുതിയ സഹായ മെത്രാനെ നിയമിക്കും.


മുട്ടുചിറ മുരിക്കൻ കുടുംബത്തിൽ 1963 ജൂൺ 16-നായിരുന്നു മാർ ജേക്കബ് മുരിക്കന്റെ ജനനം. അല്‍ഫോണ്‍സാമ്മയുടെ അമ്മയുടെ കുടുംബമാണ് മുരിക്കന്‍ തറവാട്.  1993 ഡിസംബർ 27-നാണ്  മുരിക്കന്‍പൗരോഹിത്യം സ്വീകരിച്ചത്.  അല്‍ഫോണ്‍സാമ്മയുടെ ജീവിത ദർശനമായിരുന്നു മുരിക്കനെ ചെറുപ്പകാലം മുതൽ മുന്നോട്ടു നയിച്ചത്. അങ്ങനെയാണ് അദ്ദേഹം വൈദികനായതും ബിഷപ്പായതും. വസ്ത്ര ധാരണത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം അദ്ദേഹം ലാളിത്യം കാത്തു സൂക്ഷിച്ചു. വള്ളിച്ചെരുപ്പാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത് . അരമനയില്‍  സ്വയം കൃഷി ചെയ്ത ഭക്ഷണവിഭവങ്ങൾ കഴിച്ച് ലളിതമായ ജീവിതരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. അതുപോലെ തന്നെ ഔദ്യോഗിക യാത്രക്കൊഴികെ ബസ് യാത്രകളാണ് അദ്ദേഹം തെരഞ്ഞെടുക്കുക.  ലാളിത്യം നിറഞ്ഞ ജീവിതംകൊണ്ടും കാരുണ്യപ്രവൃത്തികള്‍കൊണ്ടും നേരത്തെതന്നെ മാതൃകയായ വ്യക്തിയാണ്  മാര്‍ ജേക്കബ് മുരിക്കന്‍. അല്‍ഫോണ്‍സാമ്മയുടെ അതേ ത്യാഗവും സ്നേഹവും അദ്ദേഹം സഹജീവികളോടും പങ്കുവച്ചു.ആ മഹത് ദർശനത്തെ പിന്തുടർന്നാണ് അദ്ദേഹം എല്ലാ ഔദ്യോഗിക പദവികളും വേണ്ടെന്നു വച്ച് ഒരു സാധാരണ സന്യാസിയായി ജീവിക്കുകയെന്ന വലിയ മഹത്വത്തിലേക്ക്  പ്രവേശിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement