പ്രിയസ്നേഹിതരെ,
കർശനമായ യാത്രാ വിലക്കുകളോടെയുള്ള കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മെയ് 3 വരെ നീട്ടാൻ കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ തീരുമാനിച്ച സാഹചര്യത്തിൽ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി വിട്ടു നിൽക്കേണ്ടി വരുന്നതിൽ എനിക്ക് വലിയ മാനസിക പ്രയാസമുണ്ട്. ട്രെയിൻ - വിമാന സർവീസുകളും റോഡ് മാർഗമുള്ള യാത്രയും നിയന്ത്രിക്കാനുള്ള നടപടികളും സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങളും മൂലമാണ് പല എം എൽഎ മാരേയും പോലെ ഞാനും ഏതാണ്ട് 'വീട്ടുതടങ്കലിൽ' തന്നെ കഴിയേണ്ടിവന്നിട്ടുള്ളത്. ഒന്നോ രണ്ടോ ദിവസത്തിനപ്പുറം വീടിനുള്ളിൽ ഒതുങ്ങി കഴിയുകയെന്നത് ഒരു പൊതു പ്രവർത്തകനും ഇഷ്ടപ്പെടുന്ന കാര്യമല്ലല്ലോ
മാർച്ച് 15നും 16നും ഞാൻ നിയോജക മണ്ഡലത്തിൽ ഉണ്ടായിരുന്നു. 16ന് ശ്രീകണ്ഠപുരം നഗരസഭയുടെയും ഉളിക്കൽ, ആലക്കോട് പഞ്ചായത്തുകളുടെയും കോവിഡ് പ്രതിരോധ ആലോചനാ യോഗങ്ങളിൽ പങ്കെടുത്ത ശേഷമാണ് ഞാൻ തിരുവനന്തപുരത്തേക്ക് പോയത്. 17 നും 18 നും എനിക്ക് തിരുവനന്തപുരത്തു പരിപാടി ഉണ്ടായിരുന്നു. ഇത്ര ഗുരുതരവും മാരകവുമായ ഭീഷണിയായി കോവിഡ് രോഗവ്യാപനം ഉണ്ടാകുമെന്ന് അന്ന് ആരും കരുതിയിയിരുന്നില്ല. എന്നാൽ പൊടുന്നനവെ ലോക്ഡൗൺ പ്രഖ്യാപിക്കാനും ട്രെയിൻ - വിമാന സർവീസുകൾ നിർത്തിവെക്കാനും ഗവൺമെന്റ് നിർബന്ധിതമായി. കർശനമായ യാത്രാ നിയന്ത്രണങ്ങളും പ്രഖ്യാപിക്കപ്പെട്ടു. ഈ അവസരത്തിൽ എന്നെ നേരിട്ട് വന്ന് കാണുകയും ബന്ധപ്പെടുകയും ചെയ്തിരുന്ന ഇടുക്കിയിലെ കോൺഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ എ പി
ഉസ്മാൻ കോവിഡ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തിയുമായി ഇടപഴകിയവർ ക്വാറന്റയിനിൽ പോകണമെന്നും മാറ്റാരുമായും ബന്ധപ്പെടരുതെന്നും ഉള്ള നിർദ്ദേശം മാനിച്ചാണ് ഞാൻ 'ഹോം ക്വാറന്റയിനിൽ' കഴിയാൻ നിർബന്ധിതനായത്.
എന്റെ അസാന്നിധ്യത്തിലും ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നിരന്തരം ബന്ധപ്പെടാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ടു പ്രതിരോധ പ്രവർത്തനങ്ങളിലെ പ്രയാസങ്ങൾ മറികടക്കാൻ ശ്രമിച്ചു കൊണ്ടാണിരിക്കുന്നത്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും അത്തരം വിഷയങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഞാൻ അതീവ ശ്രദ്ധാലുവാണെന്ന കാര്യം താങ്കൾക്കുംബോധ്യമുള്ളതാണല്ലോ .
ഞാൻ നേരത്തെ അറിയിച്ചതുപോലെ ഞാൻ എപ്പോഴും ഫോണിൽ ലഭ്യമായിരിക്കും (9447074003). അതുപോലെ എന്റെ
പി എ ദിവാകരൻ മാസ്റ്ററും (9447648516, 9400431699) ഏതവസരത്തിലും ഫോണിൽ ഉണ്ടാകും. നഗരസഭ ചെയർമാനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും ഭരണ സമിതി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും മറ്റ് സന്നദ്ധ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങിൽ ഏറ്റവും ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ അവരെല്ലാം നമുക്കൊപ്പമുണ്ട്.
എം എൽ എ ആയ ശേഷം എന്റെ സാന്നിധ്യം ഇരിക്കുറിൽ ഇല്ലാത്ത "ഒരാഴ്ച" പോലും മുൻപൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ നിയന്ത്രണങ്ങൾക്ക് അതീതമായ കാരണങ്ങളാൽ നിയോജക മണ്ഡലത്തിൽ എന്റെ സാന്നിധ്യം ഇല്ലാതെ പോയതിൽ എനിക്ക് വളരെ പ്രയാസം ഉണ്ട്.
എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ കാലയളവിൽ എന്നെയൊ എന്റെ പി.എ യെയോ ബന്ധപ്പെടാവുന്നതാണ്. നിയോജക മണ്ഡലത്തിലെ നേതാക്കന്മാരെ അറിയിച്ചാൽ അവരും വിവരങ്ങൾ എന്റെ
ശ്രദ്ധയിൽപെടുത്തും.
ഈ മഹാമാരിയിൽ നിന്നും നാടിന് മോചനം ഉണ്ടാകാൻ നമുക്കെല്ലാം ഒന്നായി പ്രവർത്തിക്കാം.
സ്നേഹത്തോടെ ,
കെ സി ജോസഫ് എം എൽ എ
16.04.2020
إرسال تعليق