പേരാവൂർ:കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പുല്ലുവില കൽപ്പിച്ച് മലയോരത്തെ ടൗണുകളിൽ എത്തിയത് വൻ ജനക്കൂട്ടം.പതിവിന് വിപരീതമായി വലിയ തോതിൽ ജനം ശനിയാഴ്ച പുറത്തിറങ്ങി.ശനിയാഴ്ച രാവിലെ മുതൽ പേരാവൂർ,മണത്തണ,കേളകം,കണിച്ചാർ,ചുങ്കക്കുന്ന്,കൊട്ടിയൂർ,അമ്പായത്തോട് എന്നിവിടങ്ങളിലെ ഇറച്ചിക്കടകളിൽ നൂറുകണക്കിനാളുകളാണ് ഇറച്ചി വാങ്ങാനായി എത്തിയത്.കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ലെന്ന നിയമം കാറ്റിൽ പറത്തിയാണ് ആളുകൾ കൂട്ടത്തോടെ ടൗണിൽ സാധനങ്ങൾ വാങ്ങാൻ കടകളിലെത്തിയത്.ഇറച്ചിക്കടകളിൽ നിയന്ത്രണം മറികടന്ന് മാസ്‌കോ,സാമൂഹിക അകലം പാലിച്ചോ അല്ലാതെയാണ് പലരും കടകളിൽ എത്തിയത്.പലയിടത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ആളുകൾ കൂട്ടമായി രാവിലെ മുതൽ ടൗണുകളിൽ എത്തി.പലചരക്ക്,പച്ചക്കറി കടകൾക്ക് മുന്നിലും ആളുകൾ കൂട്ടമായി എത്തി.പോലീസ് പലയിടത്തും ആളുകളെ വിരട്ടിയോടിച്ചു.പ്രധാന റോഡിലെല്ലാം വാഹന പരിശോധന നടത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല.ഈസ്റ്റർ,വിഷു ആഘോഷങ്ങൾ വരുന്നതിനാൽ ശനിയാഴ്ച തിരക്കുണ്ടായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ പലയിടത്തും അനിയന്ത്രിതമായ തിരക്കുണ്ടായത് പോലീസിന് വലിയ തലവേദനയുണ്ടാക്കി.ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ നീണ്ടേക്കുമെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.
എന്നാൽ ഈസ്റ്ററിന്റെ തലേന്ന് ഇറച്ചിക്ക് കൊള്ളവില വാങ്ങിയാണ് ചില വ്യാപാരികൾ വിൽപ്പന നടത്തിയതെന്ന് ആരോപണം ഉയർന്നു.ലോക്ക് ഡൗണിന്റെ ക്ഷീണം ഒറ്റയടിക്ക് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും കൊള്ളവില വാങ്ങി ജനത്തെ പറ്റിച്ചത്.ഇറച്ചിക്കോഴിക്ക് 125 രൂപ മുതൽ 145 രൂപ വരെയാണ് കിലോയ്ക്ക് വില.60 രൂപ മുതൽ 80 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് വില വർധിപ്പിച്ചത്.പോത്തിന്റെ വരവു കുറഞ്ഞെന്ന ന്യായം നിരത്തി ബീഫിന് 40 രൂപ വരെയാണ് കിലോയ്ക്ക് പലയിടങ്ങളിലെ വ്യാപാരികളും വർധിപ്പിച്ചത്.പലയിടത്തും ബീഫിന് കിലോ 370 രൂപ നിരക്കിലാണ് ആളുകൾ വാങ്ങിയത്.വലിയ തിരക്ക് ഇറച്ചിക്കടകളിൽ ഉണ്ടായതോടെ ശനിയാഴ്ച രാവിലെ ഒമ്പതോടെ തന്നെ സാധനം തീരുകയും ചെയ്തു.കിലോ 220 രൂപയിൽ കിടന്ന പന്നിയിറച്ചിക്ക് ഈസ്റ്റർ വിപണിയിൽ 260 രൂപയാണ് വില.ബീഫിന് വിപണയിൽ കുറവുണ്ടെന്ന് വ്യക്തമായതോടെയാണ് കോഴി,പന്നി എന്നിവയ്ക്ക് വ്യാപാരികൾ വില വർധിപ്പിച്ചത്.
Post a Comment