കോവിഡ് പോരാട്ടത്തിനിടയിൽ ഇരിട്ടിയിൽ സേവനപ്രവർത്തനവുമായി പോലീസും പ്രദേശവാസികളും




 ഇരിട്ടി :  കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇരിട്ടി നഗരസഭയിലെ വിവിധങ്ങളായ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനിടെ ഇരിട്ടി പോലീസിന്റെയും സ്റ്റേഷനുസമീപവാസികളുടെയും നേതൃത്വത്തിൽ സേവന പ്രവർത്തനവും. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ അപകടാവസ്ഥയിലായ ഇരിട്ടി പാലം മുഴുവൻ ശുചീകരിച്ചാണ് ഇവർ തങ്ങളുടെ സേവന മനസ്കത തെളിയിച്ചത്.
 1933 ൽ ബ്രിട്റെശുകാർ നിർമ്മിച്ച പാലമാണിത്. കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടിയിൽ പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചത് മുതൽ ഈ പാലത്തിന്റെ അറ്റകുറ്റപ്പണികൾ അധികൃതർ നടത്തിയിരുന്നില്ല. രണ്ടു വലിയ വാഹജനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത വീതികുറഞ്ഞ പാലത്തിൽ കാൽനടയാത്രക്കാർ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ഇരു വശങ്ങളിലും അടിഞ്ഞുകൂടിയ മണ്ണ് ഏറെ ദുരിതങ്ങൾ തീർക്കുകയായിരുന്നു. മണ്ണ് നിറഞ്ഞ് വെള്ളം ഒഴുകിപ്പോകേണ്ട ദ്വാരങ്ങൾ മുഴുവൻ അടഞ്ഞതു മൂലം ഒരു ചെറിയ മഴപെയ്താൽപോലും പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.  പോലീസും സമീപവാസികളായ പത്തോളം പേരും ചേർന്ന് ഈ മണ്ണ് മുഴുവൻ കോരി മാറ്റി വെള്ളക്കെട്ടിന് പരിഹാരം തീർക്കുകയായിരുന്നു. രാവിലെ 11 മണിയോടെ തുടങ്ങിയ പ്രവർത്തി അവസാനിച്ചത് അഞ്ച് മണിയോടെ ആയിരുന്നു. അതേസമയം മൂന്ന് വർഷത്തിലേറെയായി തുടർന്നുവരുന്ന ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണപ്രവർത്തികൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുടങ്ങിക്കിടക്കുകയാണ്. ഇരു ഭാഗത്തെയും സ്പാനുകളുടെ പണി പൂർത്തിയായെങ്കിലും മദ്ധഭാഗത്തെ സ്‌പാനിന്റെ പണി തുടങ്ങിയ ഉടനെ നിർത്തിവെക്കുകയായിരുന്നു. ഈ കാലാവര്ഷത്തിനു മുൻപ് വാർപ്പ് നടക്കുമെന്ന് കരുതിയെങ്കിലും ഇനിയത് സാധ്യമല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ പഴയപാലം തന്നെ ആശ്രയിച്ചുള്ള  യാത്ര അടുത്ത ഡിസംബർവരെയെങ്കിലും തുടരേണ്ടി വരും. ഇത് മുന്നിൽ കണ്ടായിരുന്നു ഈ ലോക്ക് ഡൗൺ കാലത്തെ ഇവരുടെ സേവന പ്രവർത്തനവും.



Post a Comment

Previous Post Next Post

Join Whatsapp

Advertisement