തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലിരുന്ന് ഓൺലൈനിൽ ലോകമെമ്പാടുമുള്ള മലയാളികളുമായി ജനസമ്പർക്ക പരിപാടി നടത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വദേശത്തും വിദേശത്തും നിന്നുമായി നിരവധി ആളുകളാണ് അദ്ദേഹത്തെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചുകൊണ്ട് വിളിക്കുന്നത്. ഒന്നാംഘട്ട ലോക്ക്ഡൗണിന് ശേഷം ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാതി അറിയിക്കുവാൻ വീട്ടിലെ ലാൻഡ്ലൈൻ നമ്പർ പ്രസിദ്ധീകരിച്ചത്തോടെ, നിലയ്ക്കാത്ത ബെല്ലടികളാണ് സഹായം അഭ്യർത്ഥനയ്ക്കായി അദ്ദേഹത്തെ തേടിയെത്തിയത്. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെ വരുന്ന ഫോൺ കോളുകൾക്ക് അദ്ദേഹം നേരിട്ട് തന്നെയാണ് മറുപടി നൽകുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ അടുപ്പക്കാരെ ഉപയോഗിച്ച് സഹായങ്ങൾ എത്തിച്ചുനൽകുന്നു. ഇറ്റലിയിൽ നിന്ന് ഡൽഹിയിലെ സൈനിക നിരീക്ഷണക്യാംപിൽ കുടുങ്ങിയ നാൽപത്തിമൂന്നു മലയാളി വിദ്യാർഥികളെ കേരളത്തിലെത്തിച്ചത് മുതൽ ഭക്ഷണമില്ലാതെ ബംഗളൂരുവിൽ കുടുങ്ങിയ മലയാളി യുവാക്കൾക്ക് പാചകവാതക സിലിണ്ടറും ഭക്ഷണസാധനങ്ങളും എത്തിച്ചതും, വിയ്യൂരിലും കായംകുളം കൃഷ്ണപുരത്തുമടക്കം ഭക്ഷണ കിറ്റുകൾ എത്തിച്ചതുവരെ അതിൽ ചുരുക്കം ചിലതാണ്. ഡൽഹിയിലും, മുംബൈയിലും മറ്റുമായി നിരവധി നഴ്സുമാർ സഹായത്തിനായി ഇപ്പോഴും ബന്ധപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. ഈ തിരക്കുകൾക്കിടയിലാണ് ഇന്നലെ നോർത്ത് അമേരിക്കൻ മലയാളികളുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് നടത്തിയത്. 200ഓളം വരുന്ന പ്രവാസി മലയാളികളുമായാണ് അദ്ദേഹം നേരിട്ട് സംവദിച്ചത്. ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങിയ വീഡിയോ കോൺഫറൻസ് ഏകദേശം 11 വരെ നീണ്ടു. മലയാളി സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുമായാണ് വീഡിയോ കോൺഫറൻസ് നടന്നത്. വളരെയെറെ ക്രിയാത്മകമായ ചർച്ചകളാണ് മുൻ മുഖ്യമന്ത്രിയുമായി നടന്നത് എന്ന് പ്രവാസി സംഘടന ഭാരവാഹികൾ അറിയിച്ചു. സൂം ആപ്പ് വഴി നടന്ന കോൺഫറൻസ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു. ഒരുലക്ഷത്തിലേറെ ആളുകളാണ് ചർച്ചയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെയും, യൂറോപ്പിലെയും പ്രവാസികളുമായി ഇത്തരത്തിൽ സംവദിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
Post a Comment