കൊവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന് എവിടുന്ന് രോഗം കിട്ടിയെന്നത് വ്യക്തമല്ല. കുഞ്ഞിന് ജന്‍മനാ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ വളര്‍ച്ചാ കുറവുമുണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് കുഞ്ഞില്‍ കൊവിഡ് ഗുരുതരമായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഹൃദയസംബന്ധമായ രോഗമുള്ളവരില്‍ കൊറോണ വൈറസ് ബാധ അപകടകരമാകുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ഏപ്രില്‍ 17 ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരിയിലെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് അപസ്മാര ബാധയുണ്ടായതോടെ 21ാം തിയ്യതി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ബാധയെതുടര്‍ന്ന് സംസ്ഥാനത്തുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement