ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. 1,553 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ കേസുകളാണിത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 17,265 ആയി വർധിച്ചു. 24 മണിക്കൂറിനിടെ 36 പേർ മരിച്ചതോടെ മരണസംഖ്യ 543 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,546 പേരാണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 14,175 പേർ ചികിത്സയിലുണ്ട്. ഇതിൽ 77 പേർ വിദേശികളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മാഹാരാഷ്ട്രയാണ്. 4,203 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 223. ഡൽഹിയിൽ 2003 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 45 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ 1478, തമിഴ്നാട് 1,477 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. കോവിഡ് ഭേദമാകുന്നവരുടെ തോതിൽ പുരോഗതിയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രോഗം ഭേദമായവരുടെ ശതമാനം 14.19 ആയിരുന്നെങ്കിൽ തിങ്കളാഴ്ചയോടെ അത് 14.75 ആയി ഉയർന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
إرسال تعليق