തിരുവനന്തപുരം: കോവിഡ് 19-ന്റെ സമൂഹവ്യാപനം കണ്ടെത്താനുള്ള പരിശോധന സംസ്ഥാനത്ത് വ്യാപിപ്പിക്കും. ഇതിനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകൾ എച്ച്.എൽ.എൽ. വഴി വാങ്ങും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിളിച്ച ടെൻഡറിൽ എച്ച്.എൽ.എൽ. യോഗ്യത നേടി. കിറ്റിന്റെ ഗുണനിലവാരപരിശോധന തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ തുടങ്ങി. നടപടികൾ പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം ഒരുലക്ഷം കിറ്റുകൾ എച്ച്.എൽ.എൽ. കൈമാറും. ഇതോടൊപ്പം ഒരു അമേരിക്കൻ കമ്പനിയിൽനിന്ന് ഒരുലക്ഷം കിറ്റുകൾ വാങ്ങാനും നീക്കം നടക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം ഇതും ലഭിച്ചേക്കും. റാപ്പിഡ് ടെസ്റ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ തുടർപരിശോധയിലൂടെ അവർ കോവിഡ് രോഗികളാണോ എന്നു സ്ഥിരീകരിക്കാനാകും. റാപ്പിഡ് ടെസ്റ്റിനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് നടത്തിയ റാൻഡം പരിശോധനയിൽ 3056 സാമ്പിളുകൾ ശേഖരിച്ചു. അതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരടക്കം പത്തോളംപേർക്ക് രോഗം പടർന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരം രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നുമുണ്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകർ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കിറ്റുവിതരണം ഇങ്ങനെ മുൻഗണനാവിഭാഗം ഒന്ന് -ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കായി 25,000 കിറ്റുകൾ. ഇതിൽ കോവിഡ് രോഗികളെ കൈകാര്യംചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് 10,000 കിറ്റുകൾ. മറ്റുള്ള ജീവനക്കാർക്കായി 15,000 കിറ്റുകളാണ് നീക്കിവെക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ 10 കിറ്റും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾക്ക് 20 കിറ്റുകളും വീതം കൈമാറും. മുൻഗണനാവിഭാഗം രണ്ട് -ഡ്യൂട്ടിയിലുള്ള പോലീസുകാർ, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിന്യസിച്ചിട്ടുള്ളവർ, അങ്കണവാടി പ്രവർത്തകർ. 20,000 കിറ്റുകൾ ഇവർക്കാണ്. ഓരോ ജില്ലയിലും പോലീസുകാർക്ക് 500 കിറ്റുകൾ, ആരോഗ്യ പ്രവർത്തകർക്ക് 500 കിറ്റുകൾ, തദ്ദേശ സ്ഥാപനങ്ങളിനിന്നുള്ളവർക്ക് 500 കിറ്റുകൾ, അങ്കണവാടി പ്രവർത്തകർക്ക് 300 കിറ്റുകൾ എന്നിങ്ങനെ ഉപയോഗിക്കും. ഓരോ ജില്ലയ്ക്കും 1800 കിറ്റുകളെങ്കിലും നൽകാനാണ് ആലോചന. റേഷൻകടയിൽ ജോലിചെയ്യുന്നവർ, ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നവർ, സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാർ എന്നിവർക്കായി 5000 കിറ്റുകൾ നീക്കിവെക്കും. 350 കിറ്റുകളാണ് ഓരോ ജില്ലയ്ക്കും. മുൻഗണനാവിഭാഗം മൂന്ന് -വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് 25,000 കിറ്റുകൾ. മുൻഗണനാവിഭാഗം നാല് -അറുപതിനുമുകളിൽ പ്രായമുള്ളവർ. 20,000 കിറ്റുകൾ ഈ വിഭാഗത്തിനാണ്. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഇതിനുള്ള പട്ടിക തയ്യാറാക്കും.
Post a Comment