കണ്ണൂർ: ജില്ലയിൽ 10 പേർക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു. ഇവരിൽ ഒരാൾ അജ്മാനിൽ നിന്നും എട്ടു പേർ ദുബായിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാർച്ച് 18ന് ഐഎക്സ് 344 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ ചെണ്ടയാട് സ്വദേശി, 19ന് ഐഎക്സ് 346 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി, ചെറുവാഞ്ചേരി സ്വദേശി, ഇതേ നമ്പർ വിമാനത്തിൽ മാർച്ച് 20ന് കരിപ്പൂർ വഴിയെത്തിയ പെരിങ്ങത്തൂർ സ്വദേശി, മാർച്ച് 21ന് ഇകെ 568 വിമാനത്തിൽ ബെംഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി, ഷാർജയിൽ നിന്നുള്ള ഐഎക്സ് 746 വിമാനത്തിൽ കണ്ണൂർ എയർപോർട്ടിലെത്തിയ മുതിയങ്ങ സ്വദേശി, അജ്മാനിൽ നിന്ന് ദുബൈ വഴി ഇകെ 566 വിമാനത്തിൽ ബെംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി, എഐ 938 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി, ചെണ്ടയാട് സ്വദേശി എന്നിവരാണ് ഗൾഫിൽ നിന്നെത്തിയ രോഗബാധിതർ. കോട്ടയം മലബാർ സ്വദേശിയായ 32കാരിക്കാണ് സമ്പർക്കം വഴി രോഗബാധ ഉണ്ടായത്. 10 പേരും ഏപ്രിൽ 18ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്. ഇതോടെ ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതിൽ 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ നിന്ന് ആറു പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഒരാളും ഇന്നലെയാണ് ആശുപത്രി വിട്ടത്. ജില്ലയിൽ 4365 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 47 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 12 പേർ ജില്ലാ ആശുപത്രിയിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 40 പേർ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 4263 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽ 2342 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 1774 എണ്ണം നെഗറ്റീവ് ആണ്. 214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. Content highlights: 10 more positive coronavirus cases reported in Kannur
إرسال تعليق