ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം, ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ കഴിയില്ല; 12,000 ബസ് ഉടമകള്‍ സര്‍ക്കാരിന് സ്റ്റോപ്പേജിന് അപേക്ഷ നല്‍കി





തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി.

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം 20 ന് ശേഷം ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലമുളള സാമ്ബത്തിക പ്രത്യാഘാതം മയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ അനുവദിച്ചത്. ഇതിന്റെ ചുവടുപിടിച്ച്‌ കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ച കേരളം പ്രാദേശിക അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നു.

അതില്‍ ഒന്നാണ് ഗ്രീന്‍ സോണുകളില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് ഓടിക്കാനുളള നീക്കം. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധനയോടെ ബസ് ഓടിക്കുന്നതിനുളള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ സര്‍ക്കാര്‍ പിന്മാറി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബസ് ഉടമകള്‍ രംഗത്ത് വന്നത്.

 നികുതി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ അടയ്ക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വീസ് നടത്തിയാലും ലാഭകരമാവില്ലെന്ന് കാട്ടിയ ബസുടമകളാണ് ഇത് സംബന്ധിച്ച ജി ഫോമുകള്‍ നല്‍കിയത്.

ചുരുങ്ങിയത് ദിവസം പതിനായിരം രൂപയെങ്കിലും ബസ് സര്‍വീസ് നടത്തിക്കൊണ്ടു പോകാന്‍ വരുമാനം കണ്ടെത്തണം എന്നാണ് ബസുടമകള്‍ പറയുന്നത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ജി ഫോം പിന്‍വലിച്ച് ബസുകള്‍ നിരത്തിസലിറക്കുന്ന കാര്യം ആലോചിക്കും. മുടക്കുമുതല്‍ തിരികെ കിട്ടാനും മെയിന്‍റിനന്‍സ്, വേതനം തുടങ്ങിയ ചെലവുകള്‍ക്കും ഇത്രയും പണം വേണമെന്നാണ് വാദം. അതല്ലെങ്കില്‍ നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാലി ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുകയും ചെയ്താല്‍ സര്‍വീസ് നടത്താമെന്നാണ് ബസുടമകളുടെ നിലപാട്.
 ഇതിനിടെയാണ് നികുതി, ഇന്‍ഷുറന്‍സ് എന്നിവ അടയ്ക്കുന്നതിനുള്ള സമയം എത്തിയിരിക്കുന്നത്. തൊഴിലാളി ക്ഷേമനിധി വിഹിതവും അടയക്കണം. ഇതോടെയാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചതായി അറിയിച്ച് ബസുടമകള്‍ ആര്‍ടി ഓമാര്‍ക്ക് ജി ഫോം നല്‍കിയത്. ഈ അപേക്ഷ നല്‍കിയാല്‍ ഇവ അടയക്കുന്നതില്‍ നിന്നും ഒഴിവാകാം.
 
സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളില്‍ 12000 എണ്ണവും സ്റ്റോപ്പേജിന് അപേക്ഷ നല്‍കി. ബസ് ഉടമകളുടെ വിശദീകരണം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇവര്‍ ഇതില്‍ നിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement