ഉളിക്കൽ :പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനം. ജീവനക്കാർക്ക് ആദരവ് നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ നികുതി പിരിവ് 100 ശതമാനം പൂർത്തീകരിച്ചതിന്റെയും പദ്ധതി ഫണ്ട് 94.5 ശതമാനം വിനിയോഗിച്ചതിന്റെയും തൊഴിലുറപ്പ് പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തെ എട്ടാം സ്ഥാനത്തും എത്തിച്ച മികച്ച പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുഴുവൻ ജീവനക്കാർക്കും ആദരവ് നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
തൊഴിലുറപ്പ് പദ്ധതി പ്രകാരം 16 കോടി 15 ലക്ഷം രൂപയുടെ വികസനമാണ് പഞ്ചായത്തിൽ നടപ്പാക്കിയത്.175000 തൊഴിൽ അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. പതിനായിരത്തോളം വീടുകളും ആയിരത്തോളം കെട്ടിടങ്ങളും ഉള്ള പഞ്ചായത്തിൽ മികച്ച പ്രവർത്തനത്തിലൂടെയാണ് നികുതി പിരിവ് പൂർത്തിയാക്കിയത്.എസ് സി, എസ് ടി മേഖലയിൽ 100 ശതമാനം ഫണ്ടും ചിലവഴിച്ചു
ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിച്ചതെന്നും ഈ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 20 കോടി രൂപയുടെ വികസനവും 2 ലക്ഷം തൊഴിലും ആണ് ലക്ഷ്യമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി പറഞ്ഞു.
നാടിന്റെ വികസനത്തിനായി ഒറ്റകെട്ടായി നിൽക്കുന്ന ഭരണ സമിതിയാണ് ഉളിക്കൽ പഞ്ചായത്തിൽ ഉള്ളതെന്നും അതുകൊണ്ട് തന്നെയാണ് ഇത്തരം മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതെന്നും ആദരവ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മുഴുവൻ വാർഡുകളിലെയും പ്രതിനിധികൾ പങ്കെടുത്തു.
ആദരവ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി യുടെ അധ്യക്ഷതയിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കുള്ള ആദരവ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് നൽകി. ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, പഞ്ചായത്ത് അംഗം മാത്യു ഐസക്,ബി ഡി ഒ അബു ആർ,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോസഫ് എ ജെ, അഹമ്മദ്കുട്ടി ഹാജി, തോമസ് അപ്രേം, കെ ഡി നാരായണൻ, കുര്യാക്കോസ് കുമ്പുക്കൽ, റെജിമോൻ കെ ആർ, സി ഡി എസ് വൈസ് ചെയർപേഴ്സൺ സെലിൻ ചാക്കോ, എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്,തൊഴിലുറപ്പ് AE മൻസൂറ എന്നിവർ ആദരവിന് മറുപടി പ്രസംഗം നടത്തി.
ബ്ലോക്കിൽ മികച്ച മേറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോളി തങ്കച്ചൻ,ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അധികാര വികേന്ദ്രീകരണവും ഭരണ നിർവഹണവും എന്ന കോഴ്സ് എ പ്ലസ് ഗ്രേഡോട് കൂടി പാസ്സായ നുചിയാട് വാർഡ് മെമ്പർ സമീറ പള്ളിപാത്ത് എന്നിവരെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് പാലശ്ശേരി നന്ദിയും പറഞ്ഞു

Post a Comment