ഇരിട്ടി ∙ നഗരത്തിലെ ഐഡിയൽ ഇലക്ട്രിക്കൽ പവർ ടൂൾസ് കടയിൽ കവർച്ച നടത്തിയ കേസിൽ നടുവിൽ പുലിക്കുരുമ്പയിലെ നെടുമല സന്തോഷി(തുരപ്പൻ സന്തോഷ് – 38)നെ ജയിലിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി ഇരിട്ടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 7നു പുതിയ സ്റ്റാൻഡിലെ കടയുടെ പൂട്ടു പൊളിച്ച് 10,3000 രൂപ മോഷ്ടിച്ച കേസിലാണു തെളിവെടുപ്പ് നടത്തിയത്.
ഇരിട്ടിയിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ തലേദിവസം ശ്രീകണ്ഠാപുരം കൂട്ടുമുഖത്തു മലഞ്ചരക്ക് കട കുത്തിത്തുറന്നു റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരിട്ടിയിൽ സിസിടിവി ദൃശ്യത്തിൽ നിന്നു സന്തോഷിനെ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തുന്നതിനിടയിലാണു ശ്രീകണ്ഠാപുരത്തു പിടിയിലാകുന്നത്. ഇതേതുടർന്നാണ് ഇരിട്ടി പൊലീസ് ജയിലിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയത്. കവർച്ച ചെയ്ത പണത്തിൽ 76000 രൂപ കണ്ടെത്തി.
ഉത്തര മലബാറിൽ വിവിധ ഇടങ്ങളിലായി 60 ഓളം മോഷണ കേസുകളിൽ സന്തോഷ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടിയാലും ജയിൽ മോചിതനാകുമ്പോൾ വീണ്ടും കവർച്ച നടത്തും. ചുമർ തുരന്നാണു മോഷണം. ഇരിട്ടിയിൽ കവർച്ച നടത്തുന്നതിനിടെ മുഖം നിരീക്ഷണ ക്യാമറയിൽ തിരിച്ചറിയാതിരിക്കാൻ മറച്ചിരുന്നു. നിരീക്ഷണ ക്യാമറകൾ ദിശ മാറ്റിയും വച്ചു. പുറത്തുള്ള ട്യൂബ് ലൈറ്റും അടിച്ചു തകർത്തിരുന്നു.
Post a Comment