തിരുവനന്തപുരം: സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു. കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക. ഇടുക്കി അണക്കെട്ടിൽ (idukki dam) ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലർട്ടാണ്. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി.
കേരള ഷോളയാർ ഡാം ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. കേരള ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.
Post a Comment