സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പ്രവേശനം;കോവിഡ് പ്രോട്ടോകോൾ ഉദ്യോഗസ്ഥർ പാലിക്കണം-ഓർഫനേജ് അസോസിയേഷൻ
പയ്യാവൂർ :സാമൂഹികനീതി വകുപ്പ് മുമ്പാകെ റജിസ്റ്റർ ചെയ്തിട്ടുള്ള വൃദ്ധമന്ദിരങ്ങൾ,അഗതി മന്ദിരങ്ങൾ, മഹിളാ മന്ദിരങ്ങൾ,അനാഥാലയങ്ങൾ, ബാലിക-ബാല മന്ദിരങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് ടെസ്റ്റ് , ക്വാറന്റിൻ എന്നിവ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിക്കാതെ അന്തേവാസികളെ ചേർക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപന മേധാവികളെ നിർബന്ധിക്കുന്നത് നിയമ വിരുദ്ധമാണെന്നും പ്രസ്തുത വിഷയത്തിൽ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാത്ത കേരള സർക്കാരിന്റെ നടപടിയിൽ യോഗം പ്രതിഷേധിച്ചു.പ്ലസ് വണ്ണിന് അധിക സീറ്റ് നൽകി അനാഥമക്കൾക്ക് സീറ്റ് നൽകണമെന്ന സർക്കാർ ഉത്തരവുണ്ടായിട്ടും അനാഥമക്കൾക്ക് സീറ്റ് നിഷേധിക്കുന്ന ജില്ലയിലെ ചില സ്കൂൾ അധികൃതരുടെ നടപടിയിൽ അടിയന്തരമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു .ഒരു കൊല്ലം മുൻപ് ഓർഫനേജ് കൺട്രോൾ ബോർഡ് തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും കൺട്രോൾ ബോർഡ് രൂപീകരിക്കാത്തതുകൊണ്ട് അംഗീകാരം പുതുക്കൽ , ഗ്രാൻഡ് ലഭിക്കൽ എന്നീ വിഷയങ്ങളിൽ സാമൂഹ്യക്ഷേമ സ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് ബ്രദർ സജി അധ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു .ടി.എ തങ്ങൾ,ഫാ.ഷാജു ആന്റണി, സി ബാലഗോപാലൻ , കെ.സലാം ഹാജി, സി.എച്ച് മൊയ്തു ഹാജി, ബ്രദർ ലിജോ,സിസ്റ്റർ എൽസീന എന്നിവർ പ്രസംഗിച്ചു.
Post a Comment