ഐ.പി.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 97 റൺസിന് തകർത്ത് കിങ്സ് ഇലവൻ പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകൻ കണ്ണൂർ ലോകേഷ് (KL)രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസിന് ഓൾഔട്ടായി.
നാലു റൺസിനിടെ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കൽ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റൻ വിരാട് കോലി (1) എന്നിവർ വന്നയുടനെ മടങ്ങിയപ്പോൾ 2.4 ഓവറിൽ നാല് റൺസിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്ക് ബാംഗ്ലൂർ വീണു.
പിന്നീട് ആരോൺ ഫിഞ്ചും എ ബി ഡിവില്ലിയേഴ്സും ചേർന്ന് സ്കോർ 53-ൽ എത്തിച്ചു. വൈകാതെ 20 റൺസെടുത്ത ഫിഞ്ചിനെ ബിഷ്ണോയ് മടക്കി. 28 റൺസെടുത്ത ഡിവില്ലിയേഴ്സിനെ മുരുകൻ അശ്വിനും പുറത്താക്കി. പിന്നീടെല്ലാം ചടങ്ങുകൾ മാത്രം.
27 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്നി (6), ചാഹൽ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. പഞ്ചാബിനായി രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ എന്നിവർ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്.
ക്യാപ്റ്റൻ കണ്ണൂർ ലോകേഷ് രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. 62 പന്തിൽ നിന്ന് സെഞ്ചുറി തികച്ച രാഹുൽ 69 പന്തുകൾ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റൺസോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലിൽ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.

Post a Comment