കോവിഡ് ബാധിച്ച് മരണപ്പെട്ട ബ്ലാത്തൂർ സ്വദേശിയും എക്സൈസ് വകുപ്പിലെ ജീവനക്കാരനുമായ വ്യക്തി പയ്യാവൂരിലെ ആശുപത്രികളിലും ബേങ്കുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വന്നിരുന്നുവെന്നും 4 ദിവസം മുൻപ് മൂന്ന് യുവാക്കൾ പ്ടാരിക്കു സമീപമുള്ള പുഴയിൽ മുങ്ങിമരിച്ചപ്പോൾ സംഭവസ്ഥലത്ത് വന്നുവെന്നുമുള്ള തരത്തിലുള്ള പ്രചരണം സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാപകമായി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ് എന്നാണ് അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. മരണപ്പെട്ട വ്യക്തിയിൽ നിന്നും മരണപ്പെടുന്നതിനു മുൻപ് റൂട്ട് മാപ്പോ സമ്പർക്ക പട്ടികയോ നേരിട്ട് ചോദിച്ചറിയുന്നതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ചോദിച്ചറിഞ്ഞതിൻ പ്രകാരം അദ്ദേഹം പയ്യാവൂർ ടൗണിലെ സ്ഥാപനങ്ങളിലൊന്നും വന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നു. ചികിത്സ നടത്തിയത് പയ്യാവൂരിലെ ആശുപത്രികളിലുമല്ല . യുവാക്കൾ പുഴയിൽ മരണപ്പെട്ട ദിവസം അദ്ദേഹം അവിടെയും വന്നിട്ടില്ല. ഈ മാസം 4-5 തീയ്യതികളിലായി കുഞ്ഞിപ്പറമ്പ് - ആനയടിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത വിവാഹത്തിൽ പങ്കെടുത്തതും ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടതുമായ വ്യക്തികളോട് ക്വാറൻറീനിൽ കഴിയാൻ ആരോഗ്യ വകുപ്പും പോലീസും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ അറിവായ വസ്തുത ഇതായിരിക്കേ അദ്ദേഹം പയ്യാവൂരിൽ വന്നിരുന്നു എന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതും ജനങ്ങളിൽ ഭയപ്പാടുണ്ടാക്കുന്നതും ശരിയല്ല. സോഷ്യൽ മീഡിയ വഴി ആരും തന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് . എന്നാൽ അദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകൾ മേൽ പറഞ്ഞ എല്ലാ സ്ഥലങ്ങളിലും വന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് . അതുകൊണ്ട് തന്നെ എല്ലാവരും പരമാവധി മുൻകരുതലുകൾ സ്വീകരിക്കുന്നത് രോഗം പടരാതിരിക്കുന്നതിനും സാമൂഹ്യ വ്യാപനം ഉണ്ടാവാതിരിക്കാനും സഹായകരമാവും. ആയതിനാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ, സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാം.
അഷ്റഫ് ടി.പി
വൈസ് പ്രസിഡണ്ട് പയ്യാവൂർ GP

Post a Comment