ഇന്ത്യ തിരക്ക് കൂട്ടരുത്, പത്ത് ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍

മുംബൈ: ഇന്ത്യ രണ്ടാം ഘട്ട ലോക്ക് ഡൗൺ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മെയ് മൂന്നിന് ശേഷം എല്ലാം സാധാരണസ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ ലോക്ക് ഡൗൺ ഇനിയും നീട്ടണമെന്നാണ് ആരോഗ്യരംഗത്തെ ചിലർ അഭിപ്രായപ്പെടുന്നത്. ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാൻസെറ്റിന്റെ എഡിറ്റർ റിച്ചാർ ഹോർട്ടണാണ് ലോക്ക്ഡൗൺ നീട്ടണമെന്ന് നിർദേശിച്ചിരിക്കുന്നത്. പത്ത് ആഴ്ച ലോക്ക് ഡൗൺ ചെയ്തുകൊണ്ട് സ്ഥിതിഗതികൾ നിരീക്ഷിക്കണമെന്നാണ് റിച്ചാർഡ് ഹോർട്ടൺ പറയുന്നത്.  മഹാമാരി ഒരു രാജ്യത്തും ദീർഘകാലം നിൽക്കില്ല. രാജ്യങ്ങൾ കോവിഡിനെ നേരിടാൻ ശരിയായ കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗൺ ഫലപ്രദമാകണമെങ്കിൽ പത്ത് ആഴ്ച സമയം നൽകണം. ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനംകുറയുകയാണെങ്കിൽ നിങ്ങൾക്ക് സാധാരണ നിലയിലേക്ക് മാറാം. എങ്കിലും പഴയതുപോലെയല്ല, സാമൂഹിക അകലം പാലിക്കണം, മാസ്കുകൾ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണം- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിച്ചാർഡ് അഭിപ്രായപ്പെട്ടു.  ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അറിയാം. എന്നിരുന്നാൽ പോലും ലോക്ക് ഡൗൺ പിൻവലിക്കാൻ ധൃതികൂട്ടരുത്. കോവിഡിന്റെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാൽ അത് ആദ്യത്തേക്കാൾ അപകടകരമായിരിക്കും. അങ്ങനെ വന്നാൽ വീണ്ടും ലോക്ക് ഡൗൺ ആരംഭിക്കേണ്ടിവരും. വിലപ്പെട്ട സമയവും സമ്പത്തും അതിനായി ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പത്ത് ആഴ്ച വരെ തുടരണം- അദ്ദേഹം പറഞ്ഞു. ചൈനയിലെ വുഹാനിൽ ഏർപ്പെടുത്തിയ പത്ത് ആഴ്ച നീണ്ട കർശന ലോക്ക് ഡൗണിന്റെ ഗുണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement