തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് 19 രോഗത്തിൽനിന്ന് മുക്തി നേടിയവരിൽ 84 വയസ്സുകാരനും. കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി മൂര്യാട് അബൂബക്കറാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. വൃക്ക രോഗമടക്കം മറ്റു ഗുരുതര രോഗങ്ങളുണ്ടായിരുന്ന അബൂബക്കറിനെ രക്ഷിക്കാനായത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. കോവിഡ് 19 ബാധിച്ച 60 വയസ്സിന് മുകളിലുള്ളവരെ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൃക്ക രോഗമടക്കം ഉണ്ടായിരുന്ന അബൂബക്കർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതികളും രോഗമുക്തി നേടി ആശുപത്രിവിട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. പത്തനംതിട്ടയിലെ തോമസ്(93) മറിയാമ്മ(88) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിലെ മികച്ച ചികിത്സയെ തുടർന്ന് രോഗമുക്തി നേടിയത്.
Post a Comment