എങ്ങും പഴുതടച്ച പരിശോധന - ഇരിട്ടി സബ് ഡിവിഷനിൽ 50 തോളം റോഡുകളും നഗരത്തിലെത്തുന്ന പാലങ്ങളും അടച്ചു

ഇരിട്ടി: അവശ്യ സർവീസുകൾ ഒഴിച്ച് മറ്റൊരു വാഹനവും പുറത്തിറങ്ങാൻ അനുവദിക്കാത്ത രീതിയിൽ ഇരിട്ടി മേഖലമുഴുവൻ പഴുതടച്ച പരിശോധന ശക്തമാക്കി പോലീസ്. കൊറോണ വൈറസ് സമൂഹവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുയർന്ന സാഹചര്യത്തിലാണ്  ഇരിട്ടി പോലീസ് സബ് ഡിവിഷന് കീഴിൽ പരിശോധന ശക്തമാക്കിയത് . ഗ്രാമീണ റോഡുകളും മലയോര മേഖലകളിൽ നിന്നും നഗരത്തിലേക്ക് എത്താവുന്ന പാലങ്ങളും  അടച്ചുകൊണ്ടുള്ള പ്രതിരോധ സംവിധാമാണ് പോലീസ് നടപ്പിലാക്കുന്നത്. ജനങ്ങൾ നഗരത്തിലിറങ്ങാതെ അതാതിടങ്ങളിലെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന നിർദ്ദേശമാണ് പോലീസ് നൽകിയിരിക്കുന്നത്.  
മേഖലയിലെ 50 തോളം റോഡുകൾ അടച്ചു. ഒരു വില്ലേജ് പരിധിയിലേക്ക് പ്രവേശിക്കാൻ ഒരു റോഡ് എന്ന സംവിധാനമാണ് നടപ്പിലാക്കിയത്. അവശ്യ സാധനങ്ങൾ ഗ്രാമങ്ങളിൽ നിന്നുതന്നെ വാങ്ങണമെന്ന കർശന നിർദ്ദേശമാണ് പോലീസ് നൽകിയിരിക്കുന്നത്. ഇരിട്ടി ഡി വൈ എസ് പി  സജേഷ് വാഴാളപ്പിന്റെ നേതൃത്വത്തിൽ 200ഓളം പോലീസുകാരാണ് റോഡിലിറങ്ങുന്നവരെ മാത്രം പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നത്. 
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം മേഖലയിലെ പ്രധാന റോഡുകളെല്ലാം ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിൽ പോലീസ് തിങ്കളാഴ്ച്ച രാത്രി തന്നെ അടച്ചിരുന്നു. മട്ടന്നൂർ- കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ എട്ടോളം സ്ഥലങ്ങളിലാണ് പരിശോധന. മലയോര മേഖലയിലെ അങ്ങാടിക്കടവ് , ചരൾ , വാണിയപ്പാറ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഇരിട്ടിയിലേക്ക് എത്താവുന്ന വള്ളിത്തോട് ആനപ്പന്തിക്കവലപ്പാലം, പായം , വട്ട്യറ  തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന ജബ്ബാർക്കടവ് പാലം, കൂമൻതോട്‌ നിന്നും മാടത്തിയിലേക്ക് എത്തുന്ന പാലവും  പൂർണ്ണമായും ഡിവൈഡർ വെച്ച് അടച്ചു.  
  ഗ്രാമീണ റോഡുകളിൽ പോലീസിനെ നിയോഗിച്ചാണ് പരിശോധന . ഇത്തരം റോഡുകളിൽ ഒരു വാഹനവും പ്രവേശിക്കാത രീതിയിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഗതഗത തടസം ഉണ്ടാക്കുമെന്ന ഡി.വൈ.എസ്.പി പറഞ്ഞു. ഗ്രാമീണ മേഖലയിൽ ലഭ്യമല്ലാത്ത  അവശ്യ വസ്തുക്കൾ എന്ന് തോന്നുവ വാങ്ങുന്നതിന് വരുന്നവരെ മാത്രമെ ടൗണുകളിലേക്ക്  പ്രവേശിപ്പിക്കുന്നുള്ളു. മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ വീടുകളിൽ എത്തിക്കുന്നതിന് പോലീസ് തന്നെ സംവിധാനം ഏർപ്പെടുത്തിയിടുണ്ട് . എല്ലാ പഞ്ചായത്തുകളിലും കോൾ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലേക്ക് അടയ്ക്കുന്ന റോഡുകളെ പറ്റിയുള്ള വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി , ജനപ്രതിനിധികൾ എന്നിവരെ പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം സുരക്ഷാ നടപടികളുമായി പൊതുജനങ്ങൾ സഹകരിക്കണെന്ന നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനും നിർദ്ദേശിച്ചിടുണ്ട്. 
ഡി വൈ എസ് പി നേരിട്ടാണ് ഇരിട്ടി പാലം ജംങ്ഷനിൽ പരിശോധന നടത്തുന്നതത്. മേഖലയിലെ സി ഐമാർ, എസ് ഐമാർ എന്നിവരും പ്രധാന കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നല്കുന്നു. ആറളം ഫാം, കരിക്കോട്ടക്കരി, ഉളിക്കൽ,  തന്തോട്, ജബ്ബാർക്കടവ് പാലം ജംങ്ഷൻ, കീഴൂർ, പത്തൊമ്പതാം മൈൽ, മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ പരിധിയുടെ പ്രവേശന കവാടമായ ഉളിയിൽ- തില്ലങ്കേരി റോഡ് , കൂട്ടപുഴ, മാടത്തിൽ, വള്ളിത്തോട് ,  എന്നിവടങ്ങളിലെല്ലാം പോലീസ് പരിശോധന ഏർപ്പെടുത്തി.
ഇരുചക്ര വാഹനങ്ങളിൽ  ഒന്നിൽകൂടുതൽ ആളുകൾ യാത്രചെയ്യുന്നതും കർശനമായി നിരുത്സാഹപ്പെടുത്തുന്നുണ്ട്. ചൊവ്വാഴ്ച്ച ഒന്നിൽകൂടുതൽ യാത്രക്കാരുമായി എത്തിയവർക്ക് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. വരും ദിവസങ്ങളിൽ ആവർത്തിച്ചാൽ പിഴ ഉൾപ്പെടെ ചുമത്തുമെന്നും പോലീസ് അറിയിച്ചു. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement